സാമൂഹിക മാധ്യമങ്ങളിലെ അതിരുകവിഞ്ഞ ഉപയോഗം, ലഹരി എന്നിവയിൽനിന്നു കുട്ടികളെ രക്ഷിക്കാൻ വായനക്കളരിയുമായി ലൈബ്രറി കൗൺസിൽ. മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തൊട്ടാകെ വായനശാലകളിൽ ഒരുമാസത്തെ വായനക്കളരി നടത്തും. ഇത്തരം കളരിയിലേക്ക് കുട്ടികളെ അയക്കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തും .
മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളും കേരളത്തിലുണ്ടെന്നതിൽ അതിശയോക്തിയില്ലെന്ന് കൗൺസിൽ പറയുന്നു. ഇതുകൂടി കണക്കിലെടുത്താണ് കളരിയൊരുക്കുന്നത്. ബാലവേദിയില്ലാത്ത വായനശാലകളിൽ 15-നകം രൂപവത്കരിക്കും. ഏപ്രിലിൽ 10 ദിവസവും മേയിൽ 20 ദിവസവും മൂന്നുമുതൽ ആറുവരെ നടത്തുന്ന കളരിയിൽ രസകരമായി മലയാളം പഠിപ്പിക്കാൻ ഭാഷാധ്യാപകരുടെ സഹായം തേടും.
രക്ഷാകർത്താക്കളെയും സംഘാടകസമിതിയിലേക്കു ക്ഷണിക്കും. വായനശാലകളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും. ദിവസവും 25 കുട്ടികളെയെങ്കിലും കളരയിലെത്തിക്കും. കളരി നടത്തുന്നതിന് ബാലവേദിക്കുള്ള നിലവിലെ സഹായം 3000 രൂപയിൽനിന്ന് 5000 ആക്കി.
