മാർച്ച് 9 മുതൽ 29 വരെ എസ്എസ്എൽസി പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മാർച്ച് 9 ന് ആരംഭിക്കുന്ന പരീക്ഷ 29ന് അവസാനിക്കും. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക. 4.19 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

എസ്എസ്എൽ.സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിയ്ക്കുന്ന വിദ്യാർത്ഥികൾ 
റഗുലർ വിദ്യാർത്ഥികൾ4,19,362
പ്രൈവറ്റ് വിദ്യാർത്ഥികൾ192
ആൺകുട്ടികൾ2,13,801
പെൺകുട്ടികൾ2,05,561
സർക്കാർ സ്‌കൂളുകൾ 
ആകെ കുട്ടികൾ1,40,703
ആൺകുട്ടികൾ72,031
പെൺകുട്ടികൾ68,672
എയിഡഡ് സ്‌കൂളുകൾ 
ആകെ കുട്ടികൾ2,51,567
ആൺകുട്ടികൾ1,27,667
പെൺകുട്ടികൾ1,23,900

 

അൺ എയിഡഡ് സ്‌കൂളുകൾ 
ആകെ കുട്ടികൾ 27,092
ആൺകുട്ടികൾ14,103
പെൺകുട്ടികൾ12,989

 

ഐ റ്റി പരീക്ഷ

എസ്എസ്എൽസി ഐ റ്റി പരീക്ഷ ഫെബ്രുവരി 15 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചിട്ടുള്ളതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകൾ

മാർച്ച് 29 ന് അവസാനിയ്ക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കും. ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.

ടാബുലേഷൻ

മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും.

റിസൾട്ട് പ്രഖ്യാപനം

ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.