മയക്കു മരുന്നുപയോഗിച്ചാല്‍ പല്ലു പൊടിയുമോ

മെല്‍ബണ്‍: ലഹരി അമിതമായി ഉപയോഗിക്കുന്നവരുടെ പല്ലിനും മോണയ്ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഇക്കൂട്ടര്‍ ശരിയായ രീതിയില്‍ ദന്ത സംരക്ഷണം നടത്താറില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി ഉപയോഗത്തിലൂടെ പല്ലുകളുടെ ആരോഗ്യം കുറയുമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊക്കെയ്ന്‍ പോലുള്ള മാരക ലഹരിവസ്തുക്കള്‍ നേരിട്ട് കഴിക്കുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവയോടൊപ്പം അമിതമായ പഞ്ചസാര ഉപയോഗം, പോഷകാഹാരക്കുറവ്, ശരിയായ രീതിയില്‍ അല്ലാത്ത ദന്തസംരക്ഷണം, ശുചിത്വമില്ലായ്മ എന്നിവയെല്ലാം വായയുടെ ആരോഗ്യത്തെ ബാധിക്കും. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഹൂമാന്‍ ബാഗിയാണ് ഈ പഠനം സംഘടിപ്പിച്ചത്. ആഗോള തലത്തിലെ 28 പഠനങ്ങള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ഈ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വായയുടെ ആരോഗ്യക്കുറവ് വ്യക്തികളുടെ ജീവിതനിലവാരത്തിലും ആരോഗ്യത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

മോണകളില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ, മോണവീക്കം എന്നിവയെല്ലാം ഇത്തരം വ്യക്തികളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൂടാതെ ഈ ആരോഗ്യപ്രശ്‌നങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തെയും ബാധിച്ചേക്കാം. ചിലരില്‍ സ്‌ട്രോക്ക് വരെ ഉണ്ടാകാന്‍ ഇവ കാരണമാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പ്രമേഹം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയും വര്‍ധിക്കും.ഇവയില്‍ നിന്നെല്ലാം മുക്തി നേടാന്‍ വായയുടെ ആരോഗ്യം ശരിയായ രീതിയില്‍ സംരക്ഷിക്കേണ്ടതുണ്ട്. ലളിതമായ വഴികളിലൂടെ നിങ്ങളുടെ വായയുടെ ആരോഗ്യം നിലനിര്‍ത്താനാകുമെന്ന് ദന്ത ഡോക്ടര്‍മാര്‍ പറയുന്നു.

ഇതിനായി ദന്ത ഡോക്ടര്‍മാര്‍ ലഹരി ഉപയോഗിക്കുന്ന രോഗികളുടെ പല്ലുകളുടെ ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. അസ്വാഭാവികമായി എന്തെങ്കിലും പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി റഫര്‍ ചെയ്യണം. ഇനി ലഹരിയുപയോഗിക്കുന്നുവെന്ന് ദന്ത ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുന്ന രോഗികളിലെ ചികിത്സാരീതിയെപ്പറ്റിയാണ് പറയുന്നത്. ലഹരിയിലായിരിക്കുന്ന സമയത്ത് അവര്‍ക്ക് ചികിത്സ നല്‍കുന്നതിലും അതിനായി അവരുടെ സമ്മതം വാങ്ങുന്നതിലും ഡോക്ടര്‍മാര്‍ അതീവ ശ്രദ്ധാലുവായിരിക്കേണ്ടതാണ്.

ഇത്തരം രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ രോഗികളുടെ പല്ലുകളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രദ്ധിക്കണം. അവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കണം. പഞ്ചസാര കലര്‍ന്ന ഭക്ഷണം ഉപയോഗിക്കുന്നത് വായയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് രോഗികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം.അമിത മദ്യപാനം, ആരോഗ്യപരമല്ലാത്ത ഭക്ഷണശീലങ്ങള്‍, എന്നിവ പിന്തുടരുന്നവരിലാണ് ദന്തരോഗങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഏറ്റവും കൂടുതലെന്നാണ് പഠനങ്ങളിലൂടെ തെളിയുന്നത്.

Verified by MonsterInsights