ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റ് ഈ വർഷം ജീവനക്കാർക്ക് ശമ്പള വർധനവ് നൽകില്ലെന്നും ബോണസിനും സ്റ്റോക്ക് അവാർഡുകൾക്കുമുള്ള ബജറ്റ് കുറയ്ക്കുകയാണെന്നും സിഇഒ സത്യ നാദെല്ല ജീവനക്കാരെ അറിയിച്ചതായി സൂചന.
“കഴിഞ്ഞ വർഷം വിപണി സാഹചര്യങ്ങളും കമ്പനിയുടെ പ്രകടനവും കണക്കിലെടുത്ത് നഷ്ട്ടം പരിഹരിക്കാൻ ഗണ്യമായ നിക്ഷേപം നടത്തിയിരുന്നു, കമ്പനിയുടെ ആഗോള മെറിറ്റ് ബജറ്റ് ഏകദേശം ഇരട്ടിയാക്കിയാണ് വർധിപ്പിച്ചത്. പക്ഷെ ഈ വർഷം കമ്പനിയുടെ സാമ്പത്തിക സ്ഥിതി വിവിധ തലങ്ങളിൽ വളരെ വ്യത്യസ്തമാണെന്ന്“ നദെല്ല പറഞ്ഞു.
ജനുവരിയിൽ 10,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞിരുന്നു. മൈക്രോസോഫ്റ്റ് ഇപ്പോൾ ജനറേറ്റീവ് എഐയിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖല കമ്പനിയ്ക്ക് പുതിയ പ്രതീക്ഷ നല്കുന്നതാണെന്ന ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിൽ നിന്ന് ലഭിച്ച കോടിക്കണക്കിന് ഡോളറിന്റെ ഫണ്ടിംഗ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ChatGPTയുടെ നിർമ്മാതാക്കളായ OpenAI യുമായി സഹകരിച്ച് ഓഫീസ് ഉൽപ്പന്നങ്ങളിലും സെർച്ച് എഞ്ചിനായ Bing-ലും AI സാങ്കേതികവിദ്യയെ കൂട്ടിയിണക്കുകയാണ് കമ്പനി ചെയ്യുന്നത്.
2023 മാർച്ചിൽ വിതരണ ശൃംഖല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) എന്നിവയുമായി ബന്ധപ്പെട്ട വിഭാഗത്തിലെ ജീവനക്കാരെയും പിരിച്ച് വിട്ടിരുന്നു. ഈ വർഷമാദ്യം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച 10,000 പേരുടെ പിരിച്ച് വിടലിന്റെ ഭാഗമാണ് ഈ മൂന്നാം ഘട്ട നടപടികൾ.
അടുത്തിടെ മൈക്രോസോഫ്ട് 689 ജീവനക്കാരെ പിരിച്ചുവിട്ടതായി വാഷിംഗ്ടൺ സ്റ്റേറ്റ് രേഖകൾ പറയുന്നു. ഫെബ്രുവരിയിൽ 617 ജീവനക്കാരെ പിരിച്ച് വിട്ടതായി മൈക്രോസോഫ്റ്റ് വാഷിംഗ്ടൺ സ്റ്റേറ്റിനെയും അതേ മാസം 108 ജീവനക്കാരെ പിരിച്ച് വിട്ടതായി കാലിഫോർണിയയെയും അറിയിച്ചിരുന്നു.