മിന്നൽ’ ബേസിൽ ജോസഫ്; ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകൻ

സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ല്‍ മികച്ച സംവിധായകനായി ബേസിൽ ജോസഫ്.ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയ്ക്കാണ് പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ, 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ പുരസ്കാരനേട്ടം സ്വന്തമാക്കിയത്.

സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ബേസിലിന് ആശംസയുമായി ടൊവിനോ തോമസ്, സഞ്ജു സാംസൺ, സൈജു കുറിപ്പ്, സിജു വിൽസൺ തുടങ്ങിയ നിരവധി പ്രമുഖർ രംഗത്തെത്തി.

‘സിംഗപ്പൂരില്‍ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ൽ മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇൻഡസ്ട്രിയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിൽ‌ അഭിമാനമുണ്ട് ഈ പുരസ്കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പാണ്’ ബേസിൽ കുറിച്ചു.

സിനിമയിലെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും നെറ്റ്ഫ്ലിക്സിനും ബേസിൽ നന്ദി അറിയിക്കുകയും ചെയ്തു. 2021 ഡിസംബറിൽ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തിയ പാൻ ഇന്ത്യൻ സിനിമയാണ് മിന്നൽ മുമരളി. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ എന്നതിനപ്പുറം സാധാരണ ജനങ്ങൾക്ക് തങ്ങളിൽ പെട്ട ഒരൂ സൂപ്പർ ഹീറോ എന്ന തോന്നലുണ്ടാക്കാനും ചിത്രത്തിനു സാധിച്ചു.

സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് വ്‌ളാഡ് റിംബർഗാണ്. ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.

തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ ഫെമിന ജോർജ്. ബിജുക്കുട്ടൻ, ബൈജു, സ്‌നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Verified by MonsterInsights