മൂന്നു ജില്ലകളിലെ സ്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി;എല്ലാ സ്ക്കൂളിലും നവംബർ 30 നകം പച്ചക്കറിത്തോട്ടം

വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലകളിലേയും ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര ധനസഹായത്തോടെ പദ്ധതിയുടെ ഫ്ലക്സി ഫണ്ട് ഉപയോഗിച്ചായിരിക്കും ഇത് നടപ്പാക്കുക.

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ  സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും പച്ചക്കറി തോട്ടം ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ നവംബര്‍ 30നകം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ ഉറപ്പ് വരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് സംസ്ഥാനത്താകെയുള്ള 163 ഉച്ചഭക്ഷണ ഓഫീസർമാരുടെയും 14 ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

  • സ്കൂൾ സന്ദർശനങ്ങളിൽ ചുമതലപ്പെടുത്തിയിരിക്കുന്ന ഓരോ ഉദ്യോഗസ്ഥരും സന്ദർശനം കേവലം രേഖകളിൽ ഒതുക്കാതെ ചുമതലപ്പെടുത്തിയിരിക്കുന്ന ജോലി ആത്മാർത്ഥമായി നിർവ്വഹിക്കുന്നു എന്ന് ഉറപ്പു വരുത്തണം.
  • ഇത് പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ നിരന്തര പരിശോധന ഫീൽഡിൽ നടത്തണം.
  • സ്കൂൾ പരിശോധനകൾ സംബന്ധിച്ച് എവിടെയെങ്കിലും വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉറപ്പാക്കണം.
  • നിലവിൽ ഉച്ചഭക്ഷണ ആഫീസർമാരുടെ മോണിറ്ററിംഗ് അലവൻസ്, ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെ റ്റി.എ തുടങ്ങിയവ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു വരുന്നു. സംസ്ഥാനത്തെ 2200-ഓളം സ്കൂളുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സ്കൂൾ പി.ടി.എ യുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി വരുന്നുണ്ട്. ഇത് കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ നേതൃപരമായ പങ്ക് വഹിക്കണം.

  • ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷൻ എന്നിവയുടെ സഹകരണത്തോടെ സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായി കൃത്യമായ ഇടവേളകളിൽ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തന്നതോടൊപ്പം അയൺഫോളിക് ആസിഡ്, വിരനിവാരണ ഗുളികകളുടെ വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അത് കാര്യക്ഷമമാക്കണം.

  • ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്കൂളുകളിലേയും ഭക്ഷണ സാമ്പിളുകൾ എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലബോറട്ടറികളിൽ മൈക്രോ ബയോളജിക്കൽ/കെമിക്കൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനും കേരള വാട്ടർ അതോറിറ്റിയുടെ ലാബോറട്ടറികളിൽ കുടിവെള്ളം പരിശോധിക്കുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

  • സ്കൂൾ പരിശോധനകളിൽ വാട്ടർ ടാങ്കുകൾ, കിണറുകൾ എന്നിവ വീഴ്ച കൂടാതെ പരിശോധിക്കണം.

  • ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ പാചകതൊഴിലാളികൾക്കും സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ ഇക്കൊല്ലം പരിശീലനം നൽകും.

  • ഉച്ചഭക്ഷണ വിതരണത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ അത് അപ്പോൾ തന്നെ പരിഗണിക്കണം. ഈ പരാതികൾക്ക് പരിഹാരം കാണാൻ ഉച്ചഭക്ഷണ വിഭാഗം ഡയറക്ടറേറ്റ് തലം മുതൽ സ്കൂൾ തലം വരെ ജാഗരൂകരാകേണ്ടതുണ്ട്.

  • നല്ല രീതിയിൽ ഭക്ഷണ വിതരണം നടത്തുന്ന സ്കൂളുകൾക്ക് പ്രശംസയും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയും കർശനമാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു


പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, അഡീഷണൽ ഡയറക്ടർ സന്തോഷ്‌ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 
Verified by MonsterInsights