മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ആദ്യ മുന്നറിയിപ്പ് നല്‍കി.

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 135.40 അടിയിലെത്തി. തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 136 അടിയിലേക്കെത്താന്‍ സാധ്യത. 136.30 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. ഇതേ തുടര്‍ന്ന് പെരിയാര്‍ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടവും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപ്പര്‍ റൂള്‍ ലെവലിനോട് അടുത്താല്‍ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കും. സെക്കന്റില്‍ 4021 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1,867 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നേക്കും. അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മുന്‍കരുതലുകള്‍ എല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു.

ജലനിരപ്പ് കൂടിയതിനാല്‍ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. മലമ്പുഴ ഡാം തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 അടിയായി ഉയര്‍ന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചത്. അട്ടപ്പാടി ചുരം റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം19 വരെയാണ് നിയന്ത്രണം.

 

 

Verified by MonsterInsights