സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും തലച്ചോറിന്‍റെ പ്രവര്‍ത്തനവും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന നിഗമനങ്ങള്‍ അടിവരയിട്ട് പുതിയ പഠനം, മൊബൈലിന്‍റെ അമിത ഉപയോഗം എങ്ങനെയാണ് തലച്ചോറിനെ ബാധിക്കുന്നത് എന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ഇക്കാലത്ത് നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ് സ്മാർട്ട്‌ഫോണ്‍. മനുഷ്യരുടെ ആശയവിനിമയത്തിലും വിനോദത്തിലും വലിയ പങ്കുവഹിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് തലച്ചോറിന്‍റെ പ്രവർത്തനത്തില്‍ പ്രതികൂലമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നതായി പുതിയ പഠനം പറയുന്നു. സ്മാർട്ട്‌ഫോൺ ഉപയോഗം കുറയ്ക്കുന്നത്, മാനസ്സികാരോഗ്യം മെച്ചപ്പെടുത്തുന്ന രീതിയിൽ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നുവെന്ന നിര്‍ണായക ഗവേഷണ ഫലമാണ് ജര്‍മനിയില്‍ നിന്ന് പുറത്തുവരുന്നത്.
സ്‌മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം മനുഷ്യരുടെ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ വലിയ സ്വാധീനമാണ് സൃഷ്ടിക്കുന്നതെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണ് ഈ നിഗമനത്തെ പിന്തുണയ്ക്കുന്നത്. 18നും 30നും ഇടയിൽ പ്രായമുള്ള 25 യുവാക്കളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ഫോൺ ഉപയോഗം കുറയ്ക്കുന്നത് അവരുടെ തലച്ചോറിന്‍റെ പാറ്റേണുകളെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുകയായിരുന്നു പഠനത്തിന്‍റെ ലക്ഷ്യം.

ഗവേഷകർ ഈ യുവാക്കളോട് 72 മണിക്കൂർ (മൂന്ന് ദിവസം) സ്മാർട്ട്‌ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താൻ ആവശ്യപ്പെട്ടു. അത്യാവശ്യ ആശയവിനിമയത്തിനും ജോലികൾക്കും മാത്രം ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നു. പഠന കാലയളവിൽ ഇവരെ MRI (Magnetic Resonance Imaging) സ്കാനുകൾക്കും മനഃശാസ്ത്രപരിശോധനകൾക്കും വിധേയരാക്കുകയും ചെയ്തു. ഈ ശാസ്ത്രീയ പരിശോധനകൾ ഫോൺ ഉപയോഗം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമായി നടത്തി.
ഗവേഷകര്‍ പരിശോധനാ ഫലങ്ങൾ താരതമ്യം ചെയ്തപ്പോള്‍, ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിന് മുമ്പും ശേഷവും തലച്ചോറിന്‍റെ പ്രവർത്തന രീതിയിൽ ഗണ്യമായ മാറ്റങ്ങൾ കാണാനിടയായി. ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റങ്ങളുടെ പ്രവർത്തനങ്ങളിൽ മാറ്റം ഏറെ പ്രകടമായിരുന്നു. ഫോൺ ഉപയോഗം കുറച്ചതോടെ തലച്ചോറിന്‍റെ പ്രവർത്തനം ഊര്‍ജ്ജസ്വലമായതായി പഠനത്തിൽ പറയുന്നു. ആദ്യ പരിശോധനയിൽ തലച്ചോറിന്‍റെ പ്രവർത്തനം സാവധാനമായിരുന്നു എങ്കിൽ രണ്ടാം പരിശോധനയിൽ ബ്രെയിന്‍ സെല്ലുകള്‍ വേഗത്തില്‍ പ്രവർത്തിച്ചതായി കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു.
സ്മാർട്ട്‌ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ ഗണ്യമായ പുരോഗതിയുണ്ടാകാൻ കഴിയുമെന്നാണ് ഈ ഗവേഷണ ഫലം വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം പാലിച്ച്, അതിന്റെ അമിത ഉപയോഗം ഒഴിവാക്കാനായാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന സന്ദേശമാണ് ഈ ഗവേഷണം നമുക്ക് നൽകുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ തുടര്‍ പഠനങ്ങള്‍ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
