ന്യൂ ഇന്ത്യ ലിറ്ററസി

സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത മുഴുവൻ പേർക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാതല സംഘാടക സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. 

എറണാകുളം ജില്ലയിൽ ഏറ്റവും താഴെത്തട്ടിലേക്ക് പദ്ധതി എത്തിച്ച് വിജയകരമായി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുത്ത് കൂട്ടായ പരിശ്രമം ഇതിനായി ഉണ്ടാകണം. മറ്റു ജില്ലകൾക്ക് മാതൃകയാകുന്ന പ്രവർത്തനം നടത്തണം. 

അടിസ്ഥാന സാക്ഷരതയ്ക്കൊപ്പം ജീവിത നൈപുണ്യ വികസനത്തിനും തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും വലിയ പ്രാധാന്യമുണ്ട്. പദ്ധതിയുടെ നടത്തിപ്പിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് നിർണ്ണായക പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പാക്കുന്നത്. സംസ്ഥാനത്ത് 2022-23 വർഷം മുതൽ 2026-27 വരെ 14 ജില്ലകളിലായി 85000 നിരക്ഷരരെ ആദ്യ വർഷം സാക്ഷരരാക്കുകയാണ് ലക്ഷ്യം. എറണാകുളം ജില്ലയിൽ 5000 പേരെയാണ് സാക്ഷരരാക്കുന്നത്. 
ആദിവാസി വിഭാഗങ്ങൾ, ട്രാൻസ് ജെൻഡർ – ക്വീയർ വിഭാഗങ്ങൾ, തീരദേശ മേഖലയിലുള്ളവർ, ന്യൂനപക്ഷങ്ങൾ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയ മേഖലയിൽ നിന്നുള്ള ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത മുഴുവൻ പേരെയും പദ്ധതിയുടെ ഭാഗമാകും. നിരക്ഷരരെ കണ്ടെത്തുന്നതിനായി ഒക്ടോബർ 2 ന് ഏകദിന സർവേ നടത്തും. നിരക്ഷരർ താമസിക്കുന്ന മേഖലകളുടെ പട്ടിക തയാറാക്കിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വാർഡ് തല സംഘാടക സമിതി രൂപീകരിക്കും. വാർഡ്തല റിസോഴ്സ് പേഴ്സൺമാരെയും നിയോഗിക്കും. പത്ത് പഠിതാക്കൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലായിരിക്കും പഠനം. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൽ 79% സ്ത്രീകൾക്കും 21% പുരുഷന്മാർക്കുമായിരിക്കും പ്രത്യേക ഊന്നൽ നൽകുക. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ജില്ലാതല സംഘാടക സമിതി ചെയർമാൻ. വൈസ് പ്രസിഡന്റ് ഷൈനി ജോർജ് വൈസ് ചെയർമാനും സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർമാർ കൺവീനർമാരുമാകും. ബ്ലോക്ക് , പഞ്ചായത്ത്, നഗരസഭ പ്രസിഡന്റുമാർ സംഘാടക സമിതി അംഗങ്ങളാകും.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ചേർന്ന യോഗത്തിൽ
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി അധ്യക്ഷത വഹിച്ചു. 
വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റും  പി.കെ. ചന്ദ്രശേഖരൻ നായർ,
മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമായ പി.പി. അവറാച്ചൻ,  
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോമി തോമസ്, ന്യൂ ലിറ്ററസി പ്രോഗ്രാമിന്റെ  സംസ്ഥാന കോ-ഓർഡിനേറ്റർ നിർമ്മല റെയ്ച്ചൽ ജോയ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, സാക്ഷരത മിഷൻ ജില്ല കോ- ഓർഡിനേറ്റർ ദീപ ജെയിംസ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ കൊച്ചുറാണി മാത്യു, കെ.എം. സുബൈദ, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സാക്ഷരതാ പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.

Verified by MonsterInsights