വിഴിഞ്ഞം മുക്കോലയിലുള്ള ബിവറേജസ് ഔട്ട്ലെറ്റില്‍ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യക്കുപ്പികളും ബിയറും എക്‌സൈസിന്റെ നേതൃത്വത്തില്‍ നശിപ്പിക്കും. കാലാവധി കഴിഞ്ഞ ഇവ ഇനി ഉപയോഗിക്കാന്‍ സാധ്യമല്ലെന്ന് കാണിച്ച് ബിവറേജ് ഔട്ട്ലെറ്റ് അധികൃതര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യക്കുപ്പികള്‍ ഡിസ്റ്റിലറിയിലെത്തിച്ച് നശിപ്പിക്കുന്നത്.
ഇതേത്തുടര്‍ന്ന് എക്‌സൈസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുക്കോലയിലെ ബിവറേജ് ഔട്ട്ലെറ്റിലെത്തി ഉപയോഗിക്കാനാകാതെ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തിലേറെ വിദേശ മദ്യക്കുപ്പികളും ബിയര്‍ കുപ്പികളും കണ്ടെത്തിയിരുന്നു. നിര്‍മാണത്തിനുശേഷം വിവിധയിനം ബ്രാന്‍ഡുകളിലുള്ള ബിയറുകള്‍ ആറുമാസംവരേ ഉപയോഗിക്കാന്‍ കഴിയൂ. രണ്ടുവര്‍ഷംവരെ മാത്രമേ വിദേശ മദ്യക്കുപ്പികളും ഉപയോഗിക്കാനാകുക. സമയപരിധി കഴിഞ്ഞ ഇത്തരം മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതേത്തുടര്‍ന്ന് അതത് ഡിസ്റ്റലറികളിലെത്തിച്ച് നശിപ്പിക്കുകയാണ് പതിവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രണ്ട് വിഭാഗങ്ങളിലായാണ് ഇവ ശേഖരിച്ച് നശിപ്പിക്കുക. ഒന്നാംഘട്ടത്തില്‍ ശേഖരിച്ച വിദേശമദ്യവും ബിയറും ഉള്‍പ്പെട്ട 9877 കുപ്പികളുണ്ടെന്ന് കണ്ടെത്തി.
രണ്ടാംഘട്ടത്തിലുള്ള 10360 ബിയര്‍ കുപ്പികളും 1306 വിദേശമദ്യക്കുപ്പികളുമുണ്ടെന്ന് കണ്ടെത്തി. ഇവ ശേഖരിച്ച് തിരുവല്ലയിലെ ദ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് അയച്ചു. ഇവ അടുത്ത ദിവസങ്ങളില്‍ തിരുവല്ലയിലെ ഡിസ്റ്ററിയില്‍ എക്‌സൈസ് ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തിലായിരിക്കും നശിപ്പിക്കുക.