നിശബ്ദ കൊലയാളി; ഹൃദ്രോ​ഗികളാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; എങ്ങനെ പ്രതിരോധിക്കാം?

ഹൃദയ സംബന്ധമായ രോ​ഗങ്ങൾ മൂലം സംഭവിക്കുന്ന 1.79 കോടി മരണങ്ങളിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ്

ഗായകൻ കെകെ, കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ, ടെലിവിഷൻ താരം സിദ്ധാർത്ഥ് ശുക്ല, ഹാസ്യനടൻ രാജു ശ്രീവാസ്തവ തുടങ്ങി ഹൃദയാഘാതം മൂലം മരിച്ച നിരവധി സെലിബ്രിറ്റികളെ കുറിച്ചുള്ള വാർത്തകൾ സമീപകാലത്തായി നാം ശ്രദ്ധിച്ചിരിക്കും. ഹൃദയാഘാതത്തിനും ഹൃദയ സംബന്ധമായ രോ​ഗങ്ങൾക്കും ഇരകളാകുന്ന സാധാരണക്കാരുടെ എണ്ണവും നിരവധിയാണ്.
ഹൃദ്രോഗങ്ങളും ഹൃദയസ്തംഭനങ്ങളും വർദ്ധിച്ചുവരുന്നതിനെക്കുറിച്ചും ചെറുപ്പക്കാർ കൂടുതലായും അതിന് ഇരകളാകുന്നതിനെക്കുറിച്ചും കൂടുതലറിയാം.

വലിയ മാനസിക സമ്മർദം, മതിയായ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പഞ്ചസാരയുടെയും ഉപ്പിന്റെയും ഉയർന്ന അളവിലുള്ള ഉപയോഗം, അമിതമായ കൊഴുപ്പ്, ഇന്ത്യക്കാരുടെ ജനിതക ഘടനക്ക് അനുസരിച്ച് ഹൃദയത്തിന്റെ ആരോ​ഗ്യത്തിനു വേണ്ട ഭക്ഷണങ്ങളുടെ അഭാവം തുടങ്ങി പല കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും ഹൃദയ സംബന്ധമായ രോ​ഗങ്ങൾ മൂലം സംഭവിക്കുന്ന 1.79 കോടി മരണങ്ങളിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ്, അതായത് 35 ലക്ഷം മരണങ്ങൾ. ഇതിൽ കൂടുതലും യുവാക്കളാണ് എന്നതാണ് ശ്രദ്ധേയം.

ചെറുപ്പക്കാരിൽ ഹൃദ്രോഗം കൂടുന്നുവെന്ന് തെളിയിക്കാൻ കൃത്യമായ ഡാറ്റകളൊന്നും ലഭ്യമല്ല. കോവിഡ് -19 നു ശേഷം ഇക്കാര്യത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. ”എന്റെ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ചെറുപ്പാക്കാരായ ഹൃ​ദ്രോ​ഗികളുടെ എണ്ണത്തിൽ രണ്ടോ മൂന്നോ ഇരട്ടിയെങ്കിലും വർധനയുണ്ട്”, ഗുരുഗ്രാമിലെ നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജി ആൻഡ് പീഡിയാട്രിക് വിഭാ​ഗം ഡയറക്ടർ ഡോ. ഹേമന്ത് മദൻ ന്യൂസ് 18 നോട് പറഞ്ഞു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ വരുന്ന ചെറുപ്പക്കാരായ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30 ശതമാനം വർധനവുണ്ടായതായി ഫരീദാബാദ് ആസ്ഥാനമായുള്ള സർവോദയ ഹോസ്പിറ്റലിലെ കാർഡിയോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. എൽ.കെ. ഝാ പറഞ്ഞു.

കോവിഡും ഹൃദയാരോ​ഗ്യവും

കോവിഡ് 19 ബാധിച്ചിട്ടുള്ളവർ തങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് മെഡിക്കൽ ജേണലായ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇവരിൽ വൈറസ് ബാധിക്കാത്തവരേക്കാൾ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി.

ഇന്ത്യയിലെ കാർഡിയോളജിസ്റ്റുകളും സമാനമായ ചില നിരീക്ഷണങ്ങൾ പങ്കുവെച്ചിരുന്നു. കോവിഡിന് ശേഷമുള്ള കാലയളവിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും സംബന്ധിച്ച കേസുകളിൽ ഗണ്യമായ വർദ്ധനവുള്ളതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി എൻസിആർ ആസ്ഥാനമായുള്ള സർവോദയ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റുകൾ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇക്കാര്യം കൃത്യമായി പറയുന്നുമുണ്ട്.

”കോവിഡ് -19 ബാധിച്ചവരിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും 25 ശതമാനം മുതൽ 30 ശതമാനം വരെ വർദ്ധിച്ചതായി പഠനം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ വെന്റിലേറ്ററുകളിൽ പ്രവേശിപ്പിക്കുകയോ ചെയ്യേണ്ടി വന്ന രോഗികളാണ് കൂടുതലും ഹൃദയസംബന്ധമായ സങ്കീർണതകൾക്ക് ഇരകളാകുന്നത്. അത്തരം കേസുകളിൽ ഗണ്യമായ വർദ്ധനവ് ഞങ്ങൾ കാണുന്നുണ്ട്”, ഡോ ഝാ പറഞ്ഞു.

കോവിഡ് -19 ഹൃദയത്തെ ബാധിക്കുന്നത് പ്രധാനമായും രണ്ടു തരത്തിലാണെന്ന് ഡോക്ടർമാർ പറയുന്നു. ആദ്യത്തേത് ഹൃദയപേശികളിലേക്ക് നേരിട്ടുള്ള അണുബാധയാണ്, അത് പേശികളെ ദുർബലമാക്കുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രണ്ടാമത്തേത്, കോവിഡ് -19 ന് ശേഷം, വൈറസ് മാസങ്ങളോളം ശരീരത്തിൽ നിൽക്കുന്ന അവസ്ഥയാണ്. ഇതു മൂലം ധമനികൾക്ക് വീക്കം സംഭവിക്കും. ഇത് ഹൃദയത്തിനുള്ളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ മറ്റ് അവസ്ഥകൾക്കും കാരണമാകുന്നു. ”കഠിനമായ വ്യായാമം ചെയ്തതിന് ശേഷം ആളുകളിൽ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതിന്റെ നിരവധി സംഭവങ്ങൾ സമീപ മാസങ്ങളിൽ നാം കണ്ടതാണ്. വളരെക്കാലം നീണ്ടുനിന്ന കോവിഡ് -19 കാരണം ഹൃദയപേശികൾ വീർക്കുന്നതാകാം ഇത്തരം സന്ദർഭങ്ങളിൽ അപകടകാരണം ആകുന്നത്. ഇത് ഹൃദയാഘാതത്തിന് കാരണമാകും,” ഡോ. ഝാ പറഞ്ഞു.

ഹൃദയാഘാതത്തിന് മുൻപ് കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാം?

അമിത വിയർപ്പും ഹൃദയസ്തംഭനവും തമ്മിൽ ബന്ധമുണ്ടെന്ന് ഡൽഹി ആസ്ഥാനമായുള്ള ധർമ്മശില നാരായണ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറക്‌ടറും കാർഡിയോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റുമായ ഡോ. ആനന്ദ് കുമാർ പാണ്ഡെ പറയുന്നു.


അമിതമായ വിയർപ്പ് ഹൃദയാഘാതത്തിന്റെ വ്യക്തമായ സൂചനയാണ്, പ്രത്യേകിച്ച് ഒരു വ്യക്തി അധിക അധ്വാനം കൂടാതെയുള്ള ജീവിതശൈലിയാണ് പിന്തുടരുന്നതെങ്കിൽ. ഹൃദയാഘാത സമയത്ത്, നിങ്ങളുടെ ഹൃദയം മന്ദഗതിയിലാവുകയും ശരീരത്തിലൂടെ രക്തചംക്രമണം ഉണ്ടാകാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും. ഹൃദയപേശികളിലേക്കുള്ള ഓക്സിജൻ വിതരണം വേണ്ട വിധത്തിൽ നടക്കാതെയും വരുന്നു. അതിനാൽ, രക്തം പമ്പ് ചെയ്യാനും സ്വയം തണുപ്പിക്കാനും ശരീരം അധിക ഊർജ്ജം ഉപയോഗിക്കുന്നു. ഇതു മൂലമാണ് അമിതമായി വിയർപ്പ് അനുഭവപ്പെടുന്നത്.

”നിങ്ങൾ വ്യായാമം ചെയ്യാത്തപ്പോഴോ വെറുതേ ഇരിക്കുമ്പോളോ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ വിയർക്കുന്നത്, ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ആകാം” പാണ്ഡെ കൂട്ടിച്ചേർത്തു.

മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു. നെഞ്ചിലോ വയറിന്റെ മുകൾഭാഗത്തോ ഉള്ള വേദന അവ​ഗണിക്കരുതെന്നും ഇവർ ഉപദേശിക്കുന്നു. ”വേഗത്തിലുള്ള നടത്തം, പടികൾ കയറൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ, നെഞ്ചിൽ ഏതെങ്കിലും തരത്തിലുള്ള കാഠിന്യമോ ഭാരമോ അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം”, ഡോ. ഝാ പറഞ്ഞു.

ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ പിന്തുടരാം?

പരമ്പരാഗതവും അല്ലാത്തതുമായ കാരണങ്ങൾ ഹൃദ്രോഗത്തിലേക്ക് നയിക്കാറുണ്ട്. അനാരോ​ഗ്യകരമായ ഭക്ഷണം, വ്യായാമക്കുറവ്, പുകവലി, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന പ്രമേഹം, രക്തസമ്മർദ്ദം എന്നിവയാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പരമ്പരാഗത കാരണങ്ങൾ. തീവ്രമായ വ്യായാമം, പരിസ്ഥിതി മലിനീകരണം, ജോലി സമ്മർദ്ദം തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പാരമ്പര്യേതര കാരണങ്ങളാണ്.

ദിവസേന കുറഞ്ഞത് 30 മുതൽ 60 മിനിറ്റ് വരെ വ്യായാമമോ മറ്റു ശാരീരിക പ്രവൃത്തികളോ ചെയ്യുന്നതിനൊപ്പം പുകവലി ഒഴിവാക്കാനും ശ്രദ്ധിക്കണം. വിറ്റാമിൻ ഡി, ഒമേഗ 3, ഒമേഗ 6 എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുകയും ശരീരത്തിന് ആവശ്യമായ ഭാരം നിലനിർത്തുകയും വേണം. സമ്മർദം നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. പതിവായി ആരോഗ്യ പരിശോധനകൾ നടത്തുന്നത് ഹൃദയ സംബന്ധമായ രോ​ഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ സ​ഹായിക്കും.

ഹൃദയ സംബന്ധമായ ലക്ഷണങ്ങൾ അസിഡിറ്റിയോ ആർത്രൈറ്റിസോ ആയാണ് പലരും മനസിലാക്കുന്നത്. എന്നാൽ രണ്ടോ മൂന്നോ ദിവസം നിലനിൽക്കുന്ന ഗ്യാസ്ട്രൈറ്റിസ് അസാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉടനടി പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്.

പ്രമേഹവും പുകയിലയുമാണ് ഇന്ത്യയിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന രണ്ട് പ്രധാന കാരണങ്ങൾ. പ്രമേഹരോഗികൾക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത പ്രമേഹമില്ലാത്തവരേക്കാൾ മൂന്നിരട്ടി കൂടുതലാണ്. പുകവലിയും ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്ന കാര്യമാണെന്ന് ഡോക്ടർമാർ പറയുന്നു.

Verified by MonsterInsights