നൂറ് കി.മീ. റേഞ്ചുമായി ഡെക്കാത്ത്‌ലോണിന്റെ പുതിയ ഇലക്‌ട്രിക് സൈക്കിൾ !

റോക്‌റൈഡർ ഇ-എസ്‌ടി 100 എന്ന സൈക്കിൾ പുറത്തിറക്കി ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് പ്രമുഖ സ്‌പോർട്‌സ് ഉൽപ്പന്ന ബ്രാൻഡുകളിൽ ഒന്നായ ഡെക്കാത്ത്‌ലോൺ. ആദ്യ ഘട്ടത്തിൽ ഇ-സൈക്കിളുകളുടെ 150 യൂണിറ്റുകൾ ബെംഗളൂരുവിലെ അനുഭവ, വൈറ്റ്ഫീൽഡ്, ബന്നാർഘട്ട റോഡ് എന്നീ മൂന്ന് സ്റ്റോറുകളിലായാണ് കമ്പനി അവതരിപ്പിക്കുക. 42 Nm പീക്ക് ടോർക്ക് വികസിപ്പിക്കുന്ന 250W റിയർ ഹബ് മോട്ടോറാണ് റോക്റൈഡർ E-ST100ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. പെഡൽ അസിസ്റ്റഡ് ഇലക്ട്രിക് മൗണ്ടൻ സൈക്കിളിൽ ഉപഭോക്താക്കൾക്ക് 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുമെന്നാണ് ഡെക്കാത്ത്‌ലോൺ അവകാശപ്പെടുന്നത്. ശേഷം ഇന്ത്യൻ നിയന്ത്രണങ്ങൾ അനുസരിച്ച് വൈദ്യുത സഹായം വിച്ഛേദിക്കപ്പെടും.

ഡിറ്റാച്ചബിൾ 380 Wh സാംസങ് ലിഥിയം-അയൺ സെൽ ബാറ്ററി പായ്ക്കാണ് സൈക്കിളിന് തുടിപ്പേകുന്നത്. ഇതിലൂടെ ആറ് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനും പരന്ന ഭൂപ്രദേശത്ത് മോഡ് 1-ൽ ഒറ്റ ചാർജിൽ 100 ​​കിലോമീറ്റർ വരെ പെഡൽ അസ്സിസ്റ്റൻസ് നൽകാൻ കഴിയുമെന്നും കമ്പനി പറയുന്നു. ഇ-എസ്‌ടി 100 ഇവിക്ക് പരമാവധി പവറിനും പരമാവധി കട്ട് ഓഫ് വേഗതയ്ക്കും ARAI സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. മാത്രമല്ല, സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ബാറ്ററി BIS സർട്ടിഫൈ ചെയ്തിട്ടുമുണ്ട്. വ്യത്യസ്‌ത റൈഡർ ഉയരങ്ങൾക്ക്‌ ഇണങ്ങുന്ന തരത്തിൽ മീഡിയം, ലാർജ് എന്നീ രണ്ട് ഫ്രെയിം സൈസുകളിലായായാണ് ഇലക്ട്രിക്ക് സൈക്കിൾ വിപണിയിൽ എത്തിയിരിക്കുന്നത്.

6061 അലുമിനിയം ഹൈഡ്രോഫോംഡ് ട്യൂബുകൾ കൊണ്ടാണ് സൈക്കിളിന്റെ ഫ്രെയിം നിർമിച്ചിരിക്കുന്നത്. 100 mm ട്രാവൽ, ടെക്‌ട്രോ മെക്കാനിക്കൽ ഡിസ്‌ക് ബ്രേക്കുകൾ, മൈക്രോഷിഫ്റ്റ് 1 x 8 സ്പീഡ് ഡ്രൈവ്‌ട്രെയിൻ എന്നിവയ്‌ക്കൊപ്പം സൺടൂർ XCT30 ഫോർക്ക് ഫ്രണ്ട് സസ്പെൻഷനും സൈക്കിളിൽ ഇടംപിടിച്ചിട്ടുണ്ട്. ലെവൽ ഓഫ് അസിസ്റ്റൻസ്, സ്പീഡ്, ഡിസ്റ്റൻസ്, ബാറ്ററി ലെവൽ, ശേഷിക്കുന്ന ബാറ്ററി റേഞ്ച് എന്നിവ കാണിക്കുന്ന എൽസിഡി ഡിസ്പ്ലേ സ്ക്രീനും റോക്റൈഡർ ഇ-എസ്‌ടി 100 മോഡലിന്റെ മറ്റൊരു പ്രത്യേകതയാണ്. കയറ്റങ്ങൾ എളുപ്പത്തിൽ മറികടക്കാൻ റൈഡർമാരെ സഹായിക്കുന്നതിന് സൈക്കിളിൽ വാക്ക് മോഡ് ഡെക്കാത്ത്‌ലോൺ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇക്കോ, സ്റ്റാൻഡേർഡ്, ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് പെഡൽ അസ്സിസ്റ്റൻസ് മോഡുകളാണ് സൈക്കിളിന് ഉള്ളത്. ഫ്രെയിമിന് ആജീവനാന്ത വാറന്റിയും ബാറ്ററി പാക്കിന് 2 വർഷം അല്ലെങ്കിൽ 500 ചാർജിംഗ് സൈക്കിളുകളുടെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഇ-സൈക്കിളുകൾ ബെംഗളൂരുവിൽ മാത്രമാണ് അവതരിപ്പിക്കുക എങ്കിലും അധികം വൈകാതെ തന്നെ മറ്റ് നഗരങ്ങളിലേക്കും ഇവയുടെ വിൽപ്പന വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇന്ത്യയ്‌ക്കായി രൂപകൽപ്പന ചെയ്‌ത കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സൈക്കിളാണിത് എന്നതും ശ്രദ്ധേയമാകും. മാർച്ച് 25 മുതലാണ് സൈക്കിൾ വിൽപ്പനയ്ക്ക് ലഭ്യമാവുക. ഡെക്കാത്‌ലോൺ റോക്‌റൈഡർ ഇ-എസ്‌ടി 100 ഇലക്ട്രിക് സൈക്കിളിനായി 84,999 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരിക.