ഓഫറുകളില്‍ തലവെച്ചുകൊടുക്കരുത്; ജാഗ്രതാനിര്‍ദേശവുമായി പൊലീസ്.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തട്ടിപ്പുകളെപ്പറ്റി ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവുമായി കേരള പൊലീസ്. ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍, പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവെച്ച പ്രമുഖ കമ്പനികളുടെ എല്‍സിഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓണ്‍ലൈന്‍ വില്പനക്കും വെച്ചിരിക്കുന്ന ഓഫാറുകള്‍ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ‘ഫാന്‍സ്’ അല്ലെങ്കില്‍ ക്ലബ് എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍. ഓണ്‍ലൈന്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളില്‍ അവ്യക്തവും തെറ്റുകള്‍ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകള്‍. ഒറ്റനോട്ടത്തില്‍ തന്നെ ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കാം.

പ്രതിദിനം നിരവധി മത്സരങ്ങള്‍ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫര്‍ പോസ്റ്റുകളില്‍ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തില്‍ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നല്‍കാനും ഇ-മെയില്‍, ജനനതിയതി, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി ലിങ്കുകളും അയച്ചുകൊടുക്കുന്നു. വിശ്വാസം നേടിയെടുക്കന്നതിനായി മുന്‍പ് മത്സരത്തില്‍ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാര്‍ഷികം, നൂറാം വാര്‍ഷികം എന്നൊക്കെ അനൗണ്‍സ് ചെയ്യുമ്പോള്‍ ഒരുപക്ഷെ ആ കമ്പനി അന്‍പത് വര്‍ഷംപോലും പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത. ദയവായി ഇത്തരം ഓഫറുകളില്‍ പോയി തലവെച്ചുകൊടുക്കാതിരിക്കുക. വിവരം ഷെയര്‍ ചെയ്യുക.