ഓഫീസില്‍ കിടന്നുറങ്ങി, മസ്കിനു വേണ്ടി കഠിനാധ്വാനം ചെയ്തു; ട്വിറ്റർ സീനിയർ എക്സിക്യുട്ടീവിനെയും പിരിച്ചുവിട്ടു

ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ. ട്വിറ്റർ പ്ലാറ്റ്‌ഫോർമർ ന്യൂസ് മാനേജിങ് എഡിറ്റർ സോ ഷിഫറാണ് പുതിയ പിരിച്ചുവിടൽ വാർത്ത അറിയിച്ചത്. ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവ് എസ്തർ ക്രോഫോർഡ് അടക്കം നിരവധി പേർക്കാണ് ഇത്തവണ ജോലി നഷ്ടമായത്. ജോലിത്തിരക്കുകാരണം വീട്ടിൽ പോകാനാകാതെ ഓഫീസിലെ തറയിൽ കിടന്നുറങ്ങുന്ന എസ്തറിന്റെ ഫോട്ടോ മുൻപ് വൈറലായിരുന്നു. ബ്യൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷൻ, വരാനിരിക്കുന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോം തുടങ്ങിയ വിവിധ പ്രോജക്‌റ്റുകൾക്ക് നേതൃത്വം നൽകിയത് എസ്തർ ആയിരുന്നു.

2022 ഒക്ടോബറിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ പ്രോഡക്‌ട് ടീമിൽ അവശേഷിച്ച ജീവനക്കാരിൽ ഒരാൾ കൂടിയായിരുന്നു എസ്തർ ക്രോഫോർഡ്. പിരിച്ചുവിടലിനു പിന്നാലെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ എസ്തർ ക്രോഫോർഡ് ട്വിറ്ററിനെതിരെ രംഗത്തു വന്നു. ”ട്വിറ്റർ 2.0 വിനു വേണ്ടിയുള്ള എന്റെ കഠിനാധ്വാനവും ശുഭാപ്‌തി വിശ്വാസവും വേണ്ടിയിരുന്നില്ല എന്നാണ് ഈ പിരിച്ചുവിടൽ തെളിയിക്കുന്നത്. ഈ പ്രശ്നങ്ങൾക്കും അരാജകത്വത്തിനും ഇടയിലും പ്രവർത്തിച്ച ടീമിനെയോർത്ത് അഭിമാനിക്കുന്നു”, എന്നാണ് പുറത്താക്കലിന് പിന്നാലെ എസ്‌തർ ട്വീറ്റ് ചെയ്തത്.

സ്‌ക്രീൻ ഷെയറിങ് ആപ്ലിക്കേഷനായിരുന്ന സ്‌ക്വാഡിന്റെ സിഇഒ ആയിരുന്നു എസ്‌തർ. 2020 ഡിസംബറിൽ സ്‌ക്വാഡിനെ ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു എസ്‌തർ കമ്പനിയുടെ ഭാഗമായത്. മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുൻപ് എസ്തർ ക്രോഫോർഡ് ആയിരുന്നു സ്ക്വാഡിന്റെ സിഇഒ. മസ്കിന്റെ വരവോടെ എസ്തർ ട്വിറ്ററിന്റെ ഡിസൈൻ, എഞ്ചിനീയറിംഗ്, പ്രൊഡക്ട് വിഭാ​ഗങ്ങളിലെ നേതൃ സ്ഥാനത്തെത്തി. പിന്നീട് ബ്ളൂ വെരിഫിക്കേഷൻ ഉൾപ്പെടെ നിരവധി നിർണായ പ്രോജക്ടുകൾക്കും ഇവർ നേതൃത്വം വഹിച്ചു.

എസ്തർ ക്രോഫോർഡിനെ കൂടാതെ, പുതിയതായി പിരിച്ചുവിട്ടവരിൽ 2021-ൽ 2021 ല്‍ ട്വിറ്റര്‍ ഏറ്റെടുത്ത ന്യൂസ് ലെറ്റര്‍ പ്ലാറ്റ്‌ഫോമായ റിവ്യുവിന്റെ സ്ഥാപകനായ മാർട്ടിജൻ ഡി കുയ്‌പറെയും ഉണ്ട്. തന്റെ രീതിയുമായി പൊരുത്തപ്പെട്ട ജീവനക്കാരെക്കൂടിയാണ് ഇത്തവണ മസ്‌ക് പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തവണ ട്വിറ്റർ 200 ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രത്യേക റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. പുതിയ പിരിച്ചുവിടലുകൾക്ക് ശേഷം, മസ്‌ക് കമ്പനിയിൽ ഒരു പുതിയൊരു ടീമിനെ കൊണ്ടുവരാൻ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ട്വിറ്റർ 2.0 ക്കായി ജീവനക്കാർ അശ്രാന്ത പരിശ്രമം നടത്തണമെന്ന നിർ​ദേശമാണ് മസ്‌‌ക് മുന്നോട്ടുവെച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ട്വിറ്റർ പകുതിയോളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. പിന്നീട് കമ്പനി ജീവനക്കാരെ പല ബാച്ചുകളായി പിരിച്ചുവിടുകയും മസ്‌കിന്റെ നേതൃത്വത്തിൽ ചെലവ് ചുരുക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുൻപ് കമ്പനിയിൽ ഏകദേശം 7,500 ജീവനക്കാരുണ്ടായിരുന്നു. കഴിഞ്ഞ മാസം മസ്ക് വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം നിലവിൽ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 2,000 മാത്രമാണ്.