ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസർക്കാർ അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്.

വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർ യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പുവരെ നടത്തിയ സഞ്ചാരത്തിന്റെ ചരിത്രം വ്യക്തമാക്കണം. എയർ സുവിധ പോർട്ടലിൽ കയറി സ്വയം സാക്ഷ്യപത്രം നൽകുകയാണ് വേണ്ടത്. കൂടാതെ, ആർ.ടി.പി.സി.ആർ. പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകളും ഈ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. ‘അറ്റ് റിസ്ക് ‘ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു വരുന്നവർക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്. ഇന്ത്യയിൽ വിമാനമിറങ്ങിയശേഷം ഇവർ കോവിഡ് പരിശോധനയ്ക്കു വിധേയരാകണം. ഇതിന്റെ ഫലം വരുംവരെ വിമാനത്താവളം വിടാനോ അടുത്തവിമാനം കയറാനോ പാടില്ല.

പരിശോധനാഫലം പോസിറ്റീവാണെങ്കിൽ ആശുപത്രികളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകൾ ജീനോം സിക്വൻസിങ്ങിനായി അയക്കും. നെഗറ്റീവാണെങ്കിൽ ഏഴുദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കിൽ വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തിൽ കഴിയണം. ‘അറ്റ് റിസ്ക്’ രാജ്യങ്ങൾ അല്ലാത്തവയിൽനിന്നു വരുന്നവരെ ഇതിൽനിന്ന് ഒഴിവാക്കും. ഇവർ 14 ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽമതി. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പൊതുവായി നിബന്ധനയും പരിശോധനയും ഏർപ്പെടുത്തിയെങ്കിലും ‘അറ്റ് റിസ്ക് ‘ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിലാണ് അതിജാഗ്രത പുലർത്തുക. യൂറോപ്യൻ യൂണിയൻ, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബ്രസീൽ, ചൈന, മൗറീഷ്യസ്, ന്യൂസീലൻഡ്, സിംബാംബ്വെ, സിങ്കപ്പൂർ, ഇസ്രയേൽ, ഇംഗ്ലണ്ട് തുടങ്ങിയവയാണ് അതിജാഗ്രതാ പട്ടികയിലുള്ളത്. ബംഗ്ലാദേശ് നേരത്തെ പട്ടികയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് കേന്ദ്രസർക്കാർ ഒഴിവാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights