സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് ഓർഡറിംഗ് പ്ലാറ്റ്‌ഫോമുകളുടെ എതിരാളിയായി കണക്കാക്കപ്പെടുന്ന ONDC, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ധാരാളം വാങ്ങലുകാരെയും വിൽപ്പനക്കാരെയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള വിപുലമായ സാധ്യതയാണ് തുറന്നിടുന്നത്. ഇത് ഇ-കൊമേഴ്‌സ് രംഗത്തെ നിലവിലെ സങ്കല്പങ്ങളെ അപ്പാടെ മാറ്റിമറിക്കുമെന്നാണ് പറയപ്പെടുന്നത്. സൊമാറ്റോ, സ്വിഗ്ഗി എന്നിവയിൽ നിന്ന് ഓർഡർ ചെയ്ത ബർഗറുകളുടെ വിലയിൽ 60 ശതമാനം വ്യത്യാസം ONDC മുഖേന ഓർഡർ ചെയ്തപ്പോൾ ഉണ്ടായി എന്ന കാര്യം ഉപയോക്താക്കൾ അടുത്തിടെ ചൂണ്ടികാണിച്ചിരുന്നുവെങ്കിലും ഇൻസെന്റീവുകളുടെ പരിധി നിശ്ചയിച്ചത്തോടെ അതിൽ വ്യത്യാസം വന്നേക്കാം.
പബ്ലിക് പോളിസി സ്ഥാപനമായ TQH കൺസൾട്ടിങ്ങിന്റെ സ്ഥാപക പങ്കാളിയായ രോഹിത് കുമാർ പറയുന്നത് അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലുടനീളം ആവശ്യമായ ഉല്പന്നങ്ങൾ തേടിപിടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിലൂടെ നിലവിലെ പരിതസ്ഥിതിയിൽ ഈ മേഖല കൂടുതൽ മത്സരാധിഷ്ഠിതമാക്കാൻ ONDCയ്ക്ക് കഴിയും. ആ അർത്ഥത്തിൽ നോക്കിയാൽ വിലകൾ യുക്തിസഹമാക്കുന്നതിന് നിലവിലെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിന്മേൽ സമ്മർദ്ദം ഉണ്ടാകാനിടയുണ്ട്. കൂടാതെ ഒഎൻഡിസി ഇപ്പോൾ ധാരാളം കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ വിലവ്യത്യാസങ്ങൾ കുറയാൻ സാധ്യതയുണ്ടെങ്കിലും സേവനത്തിന്റെ ഗുണനിലവാരത്തിലെ വ്യത്യാസങ്ങൾ തീർച്ചയായും ഉപഭോക്താക്കൾ പരിഗണിക്കാതെ പോകില്ല എന്നാണ് കരുതുന്നത്. 2022 ഏപ്രിലിലാണ് ഒഎൻഡിസി അതിന്റെ ആൽഫ ടെസ്റ്റിംഗ് ആദ്യമായി ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ അവസാനം ബാംഗ്ലൂരിൽ പലചരക്ക്, ഭക്ഷണ വിതരണ ഡൊമെയ്‌നുകൾ ഉപയോഗിച്ച് “ബീറ്റ” ടെസ്റ്റിംഗും ആരംഭിച്ചിരുന്നു. അന്നു മുതൽ ONDC നെറ്റ്‌വർക്ക് ക്രമാനുഗതമായി വളരുകയായിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായി എന്ന് വേണം പറയാൻ.
ഉദാഹരണത്തിന് റീട്ടെയിൽ വ്യാപാരികളുടെ എണ്ണം 2023 ജനുവരിയിൽ 800 ആയിരുന്നത് ഇപ്പോൾ 35,000-ത്തിലധികമായി വർദ്ധിച്ചിട്ടുണ്ട്. ഓർഡറുകളുടെ എണ്ണമാകട്ടെ ജനുവരിയിൽ പ്രതിദിനം 50 എന്നതിൽ നിന്ന് കഴിഞ്ഞ ആഴ്‌ചയിൽ പ്രതിദിനം 25,000-ൽ അധികം എന്ന നിലയിലേക്ക് വമ്പിച്ച വളർച്ച കൈവരിച്ചിട്ടുണ്ട്. ഒഎൻഡിസിയുടെ സേവനം ലഭിക്കുന്ന പ്രദേശങ്ങളുടെ കാര്യത്തിലും വർധനവ് ഉണ്ടാക്കിയിട്ടുണ്ട്. ജനുവരിയിൽ സേവനം ലഭിച്ചിരുന്ന നഗരങ്ങളുടെ എണ്ണം 85 ആയിരുന്നു. എന്നാൽ ഇപ്പോൾ 230 ആയി വർദ്ധിച്ചിട്ടുണ്ട്. ഒഎൻഡിസി കൊച്ചിയിൽ ജനുവരിയിലും ബെംഗളൂരുവിൽ ഏപ്രിലിലും സർവീസ് ലഭ്യമാക്കിയിരുന്നു. ഈ രണ്ട് നഗരങ്ങളിൽ നിന്നും പ്രതിദിനം 35,000 ഓർഡറുകൾ അഥവാ റൈഡുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഒഎൻഡിസി വഴി ഓർഡർ ചെയ്യുന്നത് എങ്ങനെ?
- സ്റ്റെപ്പ് 1: ഒഎൻഡിസി വഴി ഓർഡർ ചെയ്യുന്നതിന്, ആദ്യം ഒഎൻഡിസി വെബ്സൈറ്റ് തുറക്കുക (https://ondc.org/.)
- സ്റ്റെപ്പ് 2: വെബ്‌സൈറ്റ് തുറന്ന ശേഷം, ഹോംപേജിലെ ‘ഷോപ്പ് ഓൺ ഒഎൻഡിസി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
- സ്റ്റെപ്പ് 3: നിങ്ങൾ ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പ്ലാറ്റ്ഫോം തിരഞ്ഞെടുത്ത് ‘ഷോപ്പ് നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പേടിഎം , മൈ സ്റ്റോർ, ക്രഫ്ട്സ് വില്ല , ടു ലൈഫ് ബനി, മീഷോ എന്നിവയാണ് നിലവിൽ ലഭ്യമായ പ്ലാറ്റ്‌ഫോമുകൾ.
- സ്റ്റെപ്പ് 4: ഇനി നിങ്ങൾക്ക് ആവശ്യമുള്ള സേവനം തിരഞ്ഞെടുത്ത് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ ചെയ്യുന്നതുപോലെ തന്നെ ഓർഡർ ചെയ്യുക.
- സ്റ്റെപ്പ് 5: പണമടച്ച് ഓർഡർ പൂർത്തിയാക്കുക.