ഒന്ന് ‘പരുക്കനാ’യപ്പോള്‍ കിട്ടിയ ‘പരിക്കു’മായി ചാക്കോച്ചന്‍; കുഴിയില്‍ വീണതാണോ എന്ന് ആരാധകർ

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ കുഞ്ചാക്കോ ബോബന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് താരത്തിന് കയ്യില്‍ പരിക്കേറ്റത്. ഒരു ‘പരുക്കന്‍’ ക്യാരക്ടര്‍ ഡിമാന്‍ഡ് ചെയ്ത ‘പരിക്ക്’ എന്ന ക്യാപ്ഷനൊപ്പം കുഞ്ചാക്കോ ബോബന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ പങ്കുവെച്ചത്. കയ്യില്‍ പരിക്ക്, കയ്യിലിരിപ്പ് എന്നി ഹാഷ്ട് ടാഗുകളും പോസ്റ്റില്‍ കാണാം. 

ഇനി പല്ലുമുറിയെ തിന്നാം’ എന്നാണ് നടന്‍ രമേഷ് പിഷാരടി ചിത്രത്തിന് നല്‍കിയിരിക്കുന്ന കമന്‍റ്.  ‘കുഴിയില്‍ വീണതാണോ, ‘ന്നാ ചാക്കോച്ചൻ കേസ് കൊട്’ എന്നിങ്ങനെയുള്ള കമന്‍റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ഒരു പിടി മികച്ച കഥാപാത്രങ്ങളുമായി വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍. ടിനു പാപ്പച്ചന്‍റെ ആക്ഷന്‍ സിനിമയ്ക്കൊപ്പം ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ അരുണ്‍ നാരായണ്‍ ഒരുക്കുന്ന ത്രില്ലര്‍ സിനിമയും കുഞ്ചാക്കോ ബോബന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഫെല്ലിനി ടിപി സംവിധാനം ചെയ്ത ‘ഒറ്റ്’ എന്ന സിനിമയില്‍ അരവിന്ദ് സ്വാമിക്കൊപ്പം കേന്ദ്രപാത്രമായി ചാക്കോച്ചന്‍ എത്തിയിരുന്നു. തിയേറ്ററുകളില്‍ ഹിറ്റായ  ‘ന്നാ താന്‍ കേസ് കൊട്’ ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്.

Verified by MonsterInsights