ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ; പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം

തിരുവനന്തപുരം: സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 13 മുതല്‍ 30 വരെ നടക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ടു മുതലായിരിക്കും പരീക്ഷ. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ധാരണയായത്.

31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ. മാര്‍ച്ചില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ SSLC, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.