ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുമായി പൊതുവിതരണ വകുപ്പ് പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് സംസ്ഥാന പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ യെല്ലോ. റേഷന്‍കാര്‍ഡുകള്‍ സ്വമേധയാ തിരികെ ഏല്‍പ്പിക്കുന്നതിന് നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും മുന്‍ഗണനാ വിഭാഗത്തില്‍ ഇനിയും നിരവധി അനര്‍ഹരായ കാര്‍ഡുടമകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ഓപ്പറേഷന്‍ യെല്ലോ പദ്ധതി ലക്ഷ്യമിടുന്നത്. 1000 ച. അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25,000 രൂപയിലധികം മാസ വരുമാനം, നാലു ചക്ര വാഹനം (ടാക്‌സിഒഴികെ) എന്നിവയുള്ളവര്‍ മുന്‍ഗണ റേഷന്‍ കാര്‍ഡിന് അര്‍ഹരല്ല. ഇത്തരത്തില്‍ കാര്‍ഡുകള്‍ കൈവശപ്പെടുത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കാം. ഇതിന്റെ ഭാഗമായി വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

2013 ലെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേരളത്തില്‍ ആകെയുള്ള 92.61 ലക്ഷം കാര്‍ഡുടമകളില്‍ 43.94 ശതമാനം റേഷന്‍കാര്‍ഡുകാരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ പരിശോധനയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹരായ നിരവധി ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയും അപ്രകാരം കണ്ടെത്തിയ കാര്‍ഡുടമകളെ ഒഴിവാക്കി പകരം 2.54 ലക്ഷത്തോളം (2,54,135) പുതിയ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.

 

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള കാര്‍ഡുടമകളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊതുവിതരണ വകുപ്പിന്റെ 24ഃ7 പ്രവര്‍ത്തിക്കുന്ന 9188527301 നമ്പറിലും ടോള്‍ഫ്രീ നമ്പറായ 1967 ലും പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാം. കൂടാതെ ജില്ലയിലെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിലും വിവരങ്ങള്‍ അറിയിക്കാം. മഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ് -0483 2766230, പെരിന്തല്‍മണ്ണ-04933 227238, നിലമ്പൂര്‍ -04931 220507, കൊണ്ടോട്ടി -0483 2713230, തിരൂര്‍- 0494 2422083, തിരൂരങ്ങാടി-0494 2462917, പൊന്നാനി- 0494 2666019.

Verified by MonsterInsights