ഒരല്‍പ്പം ജാഗ്രത, പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമുക്കൊരുമിച്ചിറങ്ങാം

മഴക്കാലത്തുണ്ടായേക്കാവുന്ന പകര്‍ച്ച വ്യാധികളെ തടയാന്‍ നമുക്കൊരുമിക്കാം. ഒരല്‍പം മുന്‍കരുതലെടുത്താല്‍ മഴയെത്തുടര്‍ന്നുള്ള വെള്ളക്കെട്ടും സാംക്രമിക രോഗങ്ങളും ഒഴിവാക്കാം. നമ്മുടെ വീടും പരിസരവും രോഗങ്ങള്‍ പകരാനുള്ള കേന്ദ്രമാകില്ലെന്ന് ഓരോ വ്യക്തിയും ഉറപ്പിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും അവ വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. റബ്ബര്‍, പൈനാപ്പിള്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ പോലുള്ള സാധനങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണം. സ്വകാര്യ വ്യക്തികള്‍ അവരവരുടെ താമസ സ്ഥലവും തൊഴിലിടങ്ങളും വൃത്തിയാക്കി അണുനശീകരണം ചെയ്യണം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മുകളിലും സണ്‍ഷേഡുകളിലും കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കുകയും വേണം.

പകര്‍ച്ച വ്യാധികളെ നേരിടാന്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടം പൊതുജനപങ്കാളിത്തത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചിട്ടുള്ള മഴക്കാല പൂര്‍വ ശുചീകരണമാണ് നടത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി ഗ്യാരേജുകള്‍, പോലീസ് സ്റ്റേഷന്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കാലഹരണപ്പെട്ട വസ്തുക്കള്‍, പിടിച്ചെടുത്ത വണ്ടികള്‍ എന്നിവ കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളും പരിസരവും മാലിന്യമുക്തമാക്കും. ജനങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് വൃത്തിയുള്ള പരിസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പകര്‍ച്ചവ്യാധി, കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആവശ്യമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഓരോരുത്തരും അവരവരുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതോടൊപ്പം സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കുന്ന ഇത്തരം പദ്ധതികളോട് പൂര്‍ണ മനസോടെ സഹകരിച്ചാല്‍ പകര്‍ച്ച വ്യാധികള്‍ ഒഴിവാക്കാന്‍ പ്രയാസമുണ്ടാകില്ല.

Verified by MonsterInsights