ഒറ്റ ഗോള്‍, സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് ഓടിക്കയറി ഒയര്‍സവല്‍

മികേല്‍ ഒയര്‍സവല്‍… ലമിന്‍ യമാലിനേയും റോഡ്രിയേയും നിക്കോ വില്ല്യംസിനേയും പുകഴ്ത്തുന്ന തിരക്കിനിടെ അധികം ആരും ചര്‍ച്ച ചെയ്യാതെ ഇരുന്ന സ്‌പെയിന്‍ താരം. ഒറ്റ ഗോളിലൂടെ ഹീറോ. നാലാം യൂറോ കപ്പ് കിരീടം സമ്മാനിച്ച, കളിയുടെ അവസാന ഘട്ടത്തിലെ നിര്‍ണായക ഗോളിന്റെ അവകാശിയായി ഒയര്‍സവല്‍ സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ പേരും എഴുതി ചേര്‍ത്താണ് മൈതാനം വിട്ടത്.ഇത് വിധിയാണോ, അറിയില്ല. വിജയ ഗോള്‍ നേടാനുള്ള നിയോഗം എന്തായാലും എനിക്കായിരുന്നു. അതുകൊണ്ടു തന്നെ കൃത്യമായി ഞാന്‍ അവിടെ എത്തി. സ്‌പെയിനിനായി ഗോള്‍ നേടിയതില്‍ അഭിമാനമുണ്ട്’- താരം വ്യക്തമാക്കി.രണ്ടാം പകുതിയുടെ 68ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആല്‍വരോ മൊറാറ്റയ്ക്ക് പകരമാണ് കോച്ച് ലൂയൂസ് ഡെലഫൗണ്ടേ ഒയര്‍സവലിനെ ഇറക്കിയത്. റയല്‍ സോസിഡാഡിന്റെ കഠിനാധ്വാനിയായ സ്‌ട്രൈക്കറാണ് ഈ 27കാരന്‍.

അസാമാന്യ പ്രകടനങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത താരമാണ് ഒയര്‍സവല്‍. എന്നാല്‍ അവസരം കിട്ടിയാല്‍ അതു ഫിനിഷ് ചെയ്യാനുള്ള മികവും ഹെഡ്ഡിങിലെ കൃത്യതയുമൊക്കെ താരത്തിന്റെ കളിയുടെ സവിശേഷതകളാണ്.നിക്കോ വില്ല്യംസിന്റെ ഗോളില്‍ മുന്നില്‍ നിന്ന സ്‌പെയിനിനെ കോള്‍ പാല്‍മറുടെ ഗോളില്‍ ഇംഗ്ലണ്ട് സമനിലയില്‍ കുരുക്കി. കളി അധിക സമയത്തേക്ക് നീളുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ബോക്‌സിനു പുറത്ത് ഇടതു ഭാഗത്തു നിന്നു കുക്കുറേയ പന്ത് നേരെ മധ്യത്തിലേക്ക് അതിവേഗം തള്ളി നല്‍കിയത്.

ഓടിയെത്തി, ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് പന്ത് കൈയിലാക്കും മുന്‍പ് തന്നെ ഒയര്‍സവല്‍ തന്റെ ദൗത്യം കൃത്യമായി നിര്‍വഹിച്ചു. ഓഫ് സൈഡ് കെണിയുടെ സാധ്യതയെ നേരിയ വ്യത്യാസത്തില്‍ മറികടന്നു ക്ലിനിക്കല്‍ ഫിനിഷ്.ഈ യൂറോയില്‍ ഒയര്‍സവല്‍ നേടിയ ഏക ഗോളും ഇതാണ്. മികേല്‍ ഒയര്‍സവലിനെ കൃത്യമായി അറിയുന്ന ആളാണ് സ്പാനിഷ് പരിശീലകന്‍ ലൂയീസ് ലാഫൗണ്ടെ. 9 വര്‍ഷമായി താരത്തെ അടുത്തറിയുന്ന പരിശീലകനു അതുകൊണ്ടു തന്നെ എപ്പോഴിറക്കിയാല്‍ റയല്‍ സോസിഡാഡ് താരം മികവ് കാണിക്കുമെന്നു കൃത്യമായി അറിയാരുന്നു. അതുതന്നെ കളത്തില്‍ സംഭവിക്കുകയും സ്‌പെയിന്‍ കിരീടം ഉറപ്പിക്കുകയും ചെയ്തു.

Verified by MonsterInsights