പാക് വംശജനായ ഹംസ യൂസഫിനെസ്‌കോട് ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ് എന്‍ പി) പ്രധാനമന്ത്രി സ്ഥാനത്തേക്ക് (സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ) തിരഞ്ഞെടുത്തു. 37 കാരനായ അദ്ദേഹം രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവാകുന്ന ആദ്യത്തെ മുസ്ലീം നേതാവു കൂടിയാണ്. ഇതു കൂടാതെ പടിഞ്ഞാറൻ യൂറോപ്പിലെ ഒരു രാജ്യത്തെ നയിക്കുന്ന ആദ്യത്തെ മുസ്ലീമും ഇദ്ദേഹമാണ്. സ്കോട്ട്ലൻഡിന് പൂർണ സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പു വിജയത്തിനു ശേഷമുള്ള പ്രസംഗത്തിൽ ഹംസ യൂസഫ് പറഞ്ഞു.
“ഇന്ന് ഒരു വ്യക്തമായ സന്ദേശം നൽകിയതിൽ നാമെല്ലാവരും അഭിമാനിക്കണം. നിങ്ങളുടെ തൊലിയുടെ നിറമോ, നിങ്ങളുടെ വിശ്വാസമോ, നാമെല്ലാവരും വീട് എന്ന് വിളിക്കുന്ന രാജ്യത്തെ നയിക്കുന്നതിന് ഒരു തടസമേയല്ല”, ഹംസ യൂസഫ് പറഞ്ഞു. സ്‌കോട്ട്‌ലൻഡിന്റെ നേതാവെന്ന നിലയിൽ, ജീവിതച്ചെലവ് കുറക്കുന്നതിലും പാർട്ടിയിലെ ഭിന്നതകൾ അവസാനിപ്പിക്കുന്നതിലും സ്വാതന്ത്ര്യത്തിനായി ഒരു പുതിയ മുന്നേറ്റം നടത്തുന്നതിലും താൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രസംഗത്തിനിടെ കുടുംബത്തിലെ പൂർവികരെ യൂസഫ് സ്മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കണ്ണീർ തുടക്കുന്നതും കാണാമായിരുന്നു.
കേറ്റ് ഫോർബ്‌സിനെയും ആഷ് റീഗനെയും പിന്തള്ളിയാണ് ഹംസ യൂസഫ് നിക്കോള സ്റ്റർജിയന്റെ പിൻഗാമിയായി എസ്എൻപി നേതൃസ്ഥാനത്തേക്ക് എത്തിയത്. സ്കോട്ടിഷ് പാർലമെന്റിന്റെ അംഗീകാര വോട്ടു കൂടി നേടിയാൽ അർദ്ധ സ്വയംഭരണ സർക്കാരിന്റെ (semi-autonomous government) തലവനായി അദ്ദേഹം ചുമതലയേൽക്കും.
സ്വവർഗാനുരാഗികളും ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ താൻ പോരാടുമെന്നും തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഹംസ യൂസഫ് പറഞ്ഞു.
മൂന്ന് സ്ഥാനാർത്ഥികൾ തമ്മിലുള്ള മത്സരം സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലെ ആഴത്തിലുള്ള ഭിന്നത കൂടിയാണ് തുറന്നുകാട്ടിയത്. എസ്എൻപിയുടെ നേതൃസ്ഥാനം ഏറ്റെടുത്തതോടെ ഹംസ യൂസഫിന് മുന്നിലുള്ളത് കല്ലും മുള്ളും നിറഞ്ഞ വഴിയാണ്. ഇംഗ്ലണ്ടുമായുള്ള സ്‌കോട്ട്‌ലൻഡിന്റെ മൂന്ന് നൂറ്റാണ്ടുകൾ നീണ്ട ഐക്യം അവസാനിപ്പിക്കുക എന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത നയം. സ്കോട്ട്ലാൻഡിന് സ്വാതന്ത്ര്യം നേടാനുള്ള വോട്ടെടുപ്പ് ബ്രിട്ടീഷ് സർക്കാർ ആവർത്തിച്ച് നിരസിച്ചതിനെത്തുടർന്നാണ് ഹംസ യൂസഫിന്റെ മുൻഗാമി നിക്കോള സ്റ്റർജിയൻ സ്ഥാനമൊഴിഞ്ഞത്.
പാക് കുടിയേറ്റക്കാരുടെ മകനാണ് ഹംസ യൂസഫ്. അദ്ദേഹത്തിന്റെ പിതാവ് പാക്കിസ്ഥാനിലും അമ്മ കെനിയയിലെ പഞ്ചാബി വംശജരുടെ കുടുംബത്തിലുമാണ് ജനിച്ചത്. ഗ്ലാസ്‌ഗോയിലെ ഒരു സ്വകാര്യ സ്‌കൂളിൽ പഠനമാരംഭിച്ച അദ്ദേഹം ഗ്ലാസ്‌ഗോ സർവകലാശാലയിൽ നിന്ന് രാഷ്ട്രീയം പഠിച്ചിറങ്ങി. സ്കോട്ട്ലൻഡിലെ മുൻ പ്രഥമ മന്ത്രി അലക്സ് സാൽമണ്ടിന്റെ സഹായി ആകുന്നതിന് മുമ്പ് അദ്ദേഹം ഒരു കോൾ സെന്ററിലും ജോലി ചെയ്തിരുന്നു. 2011-ൽ സ്കോട്ടിഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് അദ്ദേഹം ഇംഗ്ലീഷിലും ഉറുദുവിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു. തൊട്ടടുത്ത വർഷം, അദ്ദേഹം സ്കോട്ടിഷ് മന്ത്രിസഭയിൽ പ്രവേശിച്ചു. ഏറ്റവുമൊടുവിൽ രാജ്യത്തിന്റെ ആരോഗ്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
2010ൽ മുൻ എസ്‌എൻപി പ്രവർത്തകയയ ഗെയ്‌ൽ ലിത്‌ഗോയെ ഹംസ യൂസഫ് വിവാഹം കഴിച്ചെങ്കിലും ഏഴുവർഷത്തിനുശേഷം ഇരുവരും വിവാഹമോചനം നേടി. 2019 ലാണ് അദ്ദേഹം തന്റെ രണ്ടാം ഭാര്യ നാദിയ എൽ-നക്ലയെ വിവാഹം ചെയ്തത്.