പക്ഷിപ്പനി, ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പക്ഷിപ്പനി സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രതവേണമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. ചെറുതന, എടത്വാ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മറ്റു ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്യാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ല.

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും

ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ അവയുടെവിസർജ്യമോ ഒക്കെ കൈകാര്യം ചെയ്യേണ്ടി വന്നാൽ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന്‌ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള രോഗംബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മുഖാവരണവും ധരിക്കണം. 

കോഴിമാംസം കൈകാര്യം ചെയ്യുന്നതിനു മുൻപും ശേഷവും സോപ്പുപയോഗിച്ചു കൈ കഴുകണം. നന്നായി പാചകംചെയ്തുമാത്രം മാംസവും മുട്ടയും ഉപയോഗിക്കുക. ബുൾസ് ഐ പോലുള്ളവ ഒഴിവാക്കുക.

അസാധാരണമാംവിധം പക്ഷികളുടെ/ദേശാടനപ്പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പിൽ അറിയിക്കണം.

പക്ഷികളെ കൈകാര്യംചെയ്തശേഷം ശാരീരിക അസ്വസ്ഥത തോന്നിയാൽ ഡോക്ടറെ കാണണം. വ്യക്തിശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ശുചീകരണത്തിനായി രണ്ടുശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാം.

അണുനാശനം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പാക്കണം. രോഗബാധയേറ്റ പ്രദേശത്തുനിന്ന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്. രോഗബാധിത പ്രദേശത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവൻ പക്ഷികളേയും കൊന്നു മറവുചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതൽ നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ നേതൃത്വത്തിൽ കൺട്രോൾറൂം തുടങ്ങിയിട്ടുണ്ട്. ഫോൺ: 0477 2252636.

താറാവുകളെ ഇന്നുമുതൽ കൊല്ലും

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ താറാവുകളെ വെള്ളിയാഴ്ച രാവിലെമുതൽ കൊന്നുതുടങ്ങും. എടത്വാ പഞ്ചായത്ത് ഒന്നാം വാർഡിലെയും ചെറുതന പഞ്ചായത്ത് മൂന്നാംവാർഡിലെയും താറാവുകളെയാണ് കൊല്ലുക. ഇതിനായി എട്ടു ദ്രുതകർമസേനകളെയും പി.പി.ഇ. കിറ്റ് ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും കൊന്നുദഹിപ്പിക്കുന്നതിനുള്ള സാധനസാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.

മനുഷ്യരിലേക്കും പകരാം

വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ലുവൻസ. പക്ഷികളിൽനിന്നു പക്ഷികളിലേക്കാണ് സാധാരണ പകരാറ്. എന്നാൽ ചില ഘട്ടങ്ങളിൽ രിലേക്കു പകരാനിടയുണ്ട്. രോഗം വന്നാൽ ഗുരുതരമായേക്കാം.

കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപ്പക്ഷികൾ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. അതിനാൽ ഇവയുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കുക.

Verified by MonsterInsights