ഇന്ത്യൻ പാരാ അത്‌ലീറ്റ് ദീപ്തി ജീവഞ്ജിക്ക് ലോക പാരാ അത്‌ലറ്റിക് മീറ്റിൽ ലോക റെക്കോർഡോടെ സ്വർണം. വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ 55.07 സെക്കൻഡിലാണ് ദീപ്തി ഫിനിഷ് ചെയ്തത്. യുഎസ് താരം ബ്രിയാന ക്ലാർക്കിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് (55.12 സെക്കൻഡ്) ഇരുപതുകാരി ദീപ്തി തിരുത്തിയത്.
മാനസിക വെല്ലുവിളി നേരിടുന്നവരാണ് ടി20 വിഭാഗത്തിൽ മത്സരിക്കുന്നത്. തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ നിന്നുള്ള ദീപ്തി ദേശീയ ജൂനിയർ, സീനിയർ മീറ്റുകളിൽ ഓപ്പൺ വിഭാഗത്തിൽ തന്നെ മത്സരിച്ചിട്ടുണ്ട്. ഇത്തവണ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ സ്വർണ മെഡലാണ് ദീപ്തിയുടേത്. 2 വീതം വെള്ളിയും വെങ്കലവും ഇന്ത്യ നേരത്തെ നേടിയിരുന്നു. 25നാണ് മീറ്റ് സമാപിക്കുന്നത്.