പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാം; സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ ശീലമാക്കേണ്ട ആറ് കാര്യങ്ങൾ

പരീക്ഷ അടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയും ഭയവും വര്‍ധിക്കുന്നത് സാധാരണമാണ്. പരീക്ഷാ പേടിയും സമ്മര്‍ദ്ദവും കാരണം നല്ലരീതിയില്‍ പരീക്ഷയെഴുതാന്‍ കഴിയാത്തവരും നിരവധിയാണ്. മാതാപിതാക്കളുടെയും അധ്യാപകരുടെയും തുടര്‍ച്ചയായ സമ്മര്‍ദ്ദവും കുട്ടികളെ ബാധിക്കാറുണ്ട്. പരീക്ഷപ്പേടി ഇല്ലാതാക്കാനുള്ള ചില വഴികളെപ്പറ്റിയാണ് ഇന്ന് പറയുന്നത്.

സിബിഎസ്ഇ പരീക്ഷകള്‍ അടുത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പൊടിക്കൈകള്‍ പരീക്ഷിച്ചുനോക്കാം. പരീക്ഷസമ്മര്‍ദ്ദം കുറയ്ക്കാനുള്ള ആറ് വഴികള്‍ ഇതാ..

1. ഉറക്കം

ഉറക്കമില്ലാതെ പുസ്തകങ്ങള്‍ക്ക് നടുവില്‍ ഇരിക്കുന്നത് അത്ര നല്ല രീതിയല്ല. ഉറക്കമില്ലായ്മ കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് കുട്ടികളെ മാനസികമായി ബാധിക്കാനിടയുണ്ട്. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ രാത്രിയിൽ നന്നായി ഉറങ്ങുക.

2. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുക

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ സി. ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവിനെയും ഇത് നിയന്ത്രിക്കുന്നു. ഇവ രണ്ടിന്റെയും അളവുകളിലെ വ്യത്യാസം സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കുക. പേരയ്ക്ക, ക്യാപ്‌സിക്കം, കിവി, ബ്രോക്കോളി, പപ്പായ, ഓറഞ്ച് എന്നിവ ധാരാളമായി കഴിക്കേണ്ടതാണ്.

3. സമീകൃതാഹാരം കഴിക്കുക

സമീകൃതാഹാരം ശീലമാക്കുന്നത് ശരീരത്തിനും മനസ്സിനും ഉത്തമമാണ്. ഒപ്പം ധാരാളം വെള്ളം കുടിക്കുന്നതും പരീക്ഷക്കാലത്തെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, എന്നിവ കഴിക്കുന്നത് വളരെ ഉത്തമമാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യും.

4. വ്യായാമം

ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ശരിയായ രീതിയിലാക്കാന്‍ ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. നടത്തം, യോഗ, നീന്തല്‍, എയ്‌റോബിക്‌സ് വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് നല്ലതാണ്. വ്യായാമത്തിനായി കുറച്ച് സമയം മാറ്റിവെയ്‌ക്കുക. പതിവായി വ്യായാമം ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

5. നടത്തം

രാവിലെയോ വൈകുന്നേരമോ കുറച്ച് ദൂരം നടക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പഠനത്തിനിടെയില്‍ കുറച്ച് സമയം ഇടവേളയെടുത്ത് നടക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ നല്ലതാണ്. പത്ത് മുതല്‍ 20 മിനിറ്റ് വരെ സുഹൃത്തുക്കളോടൊപ്പമോ, കുടുംബാംഗങ്ങള്‍ക്ക് ഒപ്പമോ കുറച്ച് ദൂരം നടക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും കൂടുതല്‍ ഊര്‍ജസ്വലരാകാനും സഹായിക്കും.

6. പുതിയ പഠന രീതികള്‍ പിന്തുടരുക

ഒരു വിഷയം കുറെ സമയം ഇരുന്ന് വായിക്കുന്നതിലും നല്ലത് അവയെ വിഷ്വലൈസ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ചിത്രീകരിക്കുന്നതാണ്. ഫ്‌ളാഷ് കാര്‍ഡ്, ഡയഗ്രം, എന്നിവയുപയോഗിച്ച് നിങ്ങള്‍ പഠിച്ച കാര്യങ്ങൾ റിവിഷന്‍ ചെയ്യുക. കുറച്ചുകൂടി രസകരമായി പഠനത്തെ സമീപിക്കുക. പഠിച്ച വിഷയത്തെപ്പറ്റിയുള്ള ചോദ്യോത്തരങ്ങള്‍ ചെയ്യുന്നതിലൂടെ അവ മറന്നുപോകാതിരിക്കാന്‍ നിങ്ങളെ സഹായിക്കും. ഇത്തരത്തിൽ കൂടുതല്‍ രസകരമായി പഠന സമയം വിനിയോഗിക്കുക.

Verified by MonsterInsights