പരസ്പരം പൊരുതി ജിയോയും എയർടെല്ലും.

ഇന്ത്യന്‍ ടെലികോം മേഖലയിലെ മുന്‍ നിരക്കാരായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും തമ്മിലുളള മത്സരം കൊഴുക്കുന്നു. വിപണി വിഹിതത്തില്‍ നിന്നുളള വരുമാനത്തില്‍ (ആര്‍.എം.എസ്) ഇരു കമ്പനികളും തമ്മിലുളള മത്സരം കടുക്കുകയാണ്. സുനില്‍ മിത്തലിന്‍റെ നേതൃത്വത്തിലുള്ള എയര്‍ടെല്‍ വിപണി വിഹിതം 38.6 ശതമാനം ആയി ഉയര്‍ത്തിയപ്പോള്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള ജിയോയുടെ വിപണി വിഹിതം 41.6 ശതമാനമാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എ വ്യക്തമാക്കുന്നു. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായ വലിയ വര്‍ധനയും നഗര, ഗ്രാമപ്രദേശങ്ങളില്‍ ശക്തമായി വിപണി വര്‍ധിപ്പിക്കാന്‍ സാധിച്ചതുമാണ് ഇരു കമ്പനികള്‍ക്കും നേട്ടമായത്.

2024-ല്‍ ജിയോയുടെ 4ജി/5ജി വരിക്കാരുടെ എണ്ണം 1.9 കോടിയാണ്. അതേസമയം കഴിഞ്ഞ കൊല്ലം 2.6 കോടി 4ജി/5ജി വരിക്കാരെയാണ് എയര്‍ടെല്‍ ചേര്‍ത്തത്. ടോപ്പ്-എന്‍ഡ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതിനാലും പോസ്റ്റ്പെയ്ഡ് മേഖലയില്‍ മുന്‍നിരയിലായതിനാലുമാണ് എയര്‍ടെല്ലിന് കൂടുതല്‍ നേട്ടം ലഭിക്കുന്നത്.

2025 ല്‍ വലിയ വളര്‍ച്ചയാണ് 5 ജി യില്‍ സംഭവിക്കുകയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കൂടുതല്‍ ഉപയോക്താക്കളെ 5 ജി ആകര്‍ഷിക്കുന്നത് തുടരുമെന്നും ഇരു കമ്പനികളുടെയും സംയുക്ത വിപണി വിഹിതം 2027 സാമ്പത്തിക വര്‍ഷത്തോടെ 84 ശതമാനം ആയി വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് സി.എല്‍.എസ്.എ കണക്കാക്കുന്നു.

Verified by MonsterInsights