വിറ്റമിനുകളുടെയും ഫൈബറിന്റെയും സമൃദ്ധമായ സാന്നിധ്യം. ഒപ്പം, നാച്ചുറൽ ഷുഗറും. പഴങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കാരണങ്ങളേറെയുണ്ട്. എന്നാൽ, തോന്നുന്ന സമയത്തെല്ലാം പഴങ്ങൾ കഴിക്കാമോ? അങ്ങനെ കഴിച്ചാൽ എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ? പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും അത് തോന്നുന്ന സമയത്ത് ആകുന്നത് ദോഷകരമാകുമെന്ന് ഇമോഷണൽ ഈറ്റിങ് കോച്ച് രാധിക ഷാ പറയുന്നു.
“പഴങ്ങൾ കഴിക്കാൻ പാടില്ലാത്ത ചില സമയങ്ങളുമുണ്ട്. അത് ഏതൊക്കെ എന്ന് നോക്കാം. വെറുംവയറ്റിൽ പഴങ്ങൾ കഴിക്കരുത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ നിലയിൽ അസന്തുലിതാവസ്ഥയുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ വെറുംവയറ്റിൽ പഴങ്ങൾ മാത്രം കഴിക്കുന്നത് ഷുഗർ നില പൊടുന്നനെ ഉയരാനും താഴാനും വഴിവെക്കും. ഇത് തളർച്ച അനുഭവപ്പെടാനും വേഗം വിശക്കാനും കാരണമാകും. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കാലത്ത് വെറുംവയറ്റിൽ പഴങ്ങൾ കഴിക്കുന്നതെങ്കിൽ ഇത് ഉദ്ദേശിച്ച ഫലം തരില്ലെന്ന് ചുരുക്കം. വയർ നിറയെ ഭക്ഷണം കഴിച്ച ശേഷം പഴങ്ങൾ കഴിക്കുന്നവരുമുണ്ടാകും. ചെറിയൊരു ആശ്വാസം എന്ന നിലയ്ക്ക് ചെയ്യുന്നതാണെങ്കിലും ഇതും ആരോഗ്യകരമായ ഒരു ശീലമല്ല. കാരണം പ്രോട്ടീനുകളെയും കൊഴുപ്പിനെയും അപേക്ഷിച്ച് പഴങ്ങൾ വേഗം ദഹിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം പഴങ്ങൾ കഴിക്കുന്നത് ഗ്യാസിനും അസ്വസ്ഥതകൾക്കും വഴിവെക്കുമെന്ന് രാധിക കൂട്ടിച്ചേർക്കുന്നു. രാത്രി വിശപ്പുതോന്നുന്നപക്ഷം പഴങ്ങളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാൽ, ഇതും അത്ര നല്ലതല്ല. ഉറങ്ങാൻ പോകുന്നതിന് മുൻപ് പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നില ഉയരാൻ കാരണമാകും. മാത്രമല്ല ഉറക്കത്തെയും ബാധിക്കും. പാലിനൊപ്പം പഴങ്ങൾ ചേർത്തു കഴിക്കുന്നത് ചിലപ്പോൾ ദഹനപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. വയറ്റിൽ ഗ്യാസ് രൂപപ്പെടുന്നത് കൂടാതെ ത്വക്കിലും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
