പെട്രോൾ വില; സ്കൂട്ടർ കിട്ടിയ വിലയ്ക്കു വിറ്റു, തൊഴുത്തിൽ നിന്ന വെച്ചൂർ പശുവിനെ ‘ വാഹനമാക്കി

ഒല്ലൂർ • അടുത്തകാലത്തായി തെങ്ങു കയറുമ്പോൾ പ്രാഞ്ചിയേട്ടൻ കണ്ടത് തന്നെപ്പോലെ പെട്രോൾ വിലയും ചാടിച്ചാടി കയറുന്നതാണ്. പ്രാഞ്ചിയേട്ടൻ തെങ്ങിൻ മുകളിൽ നിന്നു തിരിച്ചിറങ്ങുമ്പോഴും പക്ഷേ, പെട്രോൾ വില ഇറങ്ങാതെ നൂറിനു’മുകളിൽ നിൽക്കുകയാണെന്നു കണ്ടതോടെ അദ്ദേഹം ഒന്നു തീരുമാനിച്ചു. പെട്രോൾ വാഹനത്തിനു വിട. സ്കൂട്ടർ കിട്ടിയ വിലയ്ക്ക് വിറ്റു. തൊഴുത്തിൽ നിന്ന വെച്ചൂർ പശുവിനെ ‘ വാഹന’മാക്കാൻ തീരുമാനിച്ചു. ഒരു വെൽഡിങ് യന്ത്രം വാങ്ങി. വീട്ടിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ഇരുമ്പും ചക്രങ്ങളും ഉപയോഗിച്ച് ഒരു വലിവണ്ടി നിർമിച്ചു.

ഇപ്പോൾ ഈ വണ്ടിയിലാണ് തെങ്ങുകയറ്റ തൊഴിലാളിയായ കോനിക്കര തെക്കുംപീടിക ഫ്രാൻസിസിന്റെ (പ്രാഞ്ചിയേട്ടൻ ) യാത്രകൾ. വീട്ടുസാധനങ്ങൾ വാങ്ങിക്കുന്നതും പശുവിനുള്ള പുല്ല് കൊണ്ടുവരുന്നതും എല്ലാം ഈ വെച്ചൂർ വണ്ടിയിൽ. തെങ്ങു കയറാൻ ഈ വണ്ടിയിലെത്തിയാൽ പശുവിനു പുല്ലു തിന്നാവുന്ന വിധം വണ്ടി ‘പാർക്ക്’ ചെയ്യും. 30 വർഷം മുൻപ് നാട്ടിലെ യുവാക്കളെ സൗജന്യമായി കാർ ഡവിങ് പരിശീലിപ്പിച്ചിരുന്നു ഫ്രാൻസിസ്. അവസാനം ഉപയോഗിച്ച കാറിന്റെ സീറ്റാണ് വെച്ചൂർ വണ്ടിയിലും ഇരിപ്പിടമായി വച്ചിരിക്കുന്നത്.

മുൻപ് കൂടുതൽ പശുക്കളെ വളർത്തിയിരു ന്നെങ്കിലും ഇപ്പോൾ ഈ വെച്ചൂർ പശുമാത്രമേ ഉള്ളു. തൊഴുത്തിൽ നിന്നു ബോറടിക്കാതെയുള്ള ഈ സവാരി പശുവിനും ഹരമാണെന്നു പ്രാഞ്ചിയേട്ടൻ. വണ്ടിക്കൊരു മേൽക്കൂര കൂടി ഉണ്ടാക്കിയാൽ ഹാപ്പി. ചെരിപ്പ് ധരിക്കാതെയുള്ള ജീവിതം, വീട്ടിലെ ഇരുമ്പ് ആശാരി പണികളെല്ലാം വീടിനോടു ചേർന്നുള്ള ആലയിൽ തനിയെ ചെയ്യൽ അങ്ങനെ വേറെയും പ്രത്യേകതകളുണ്ട് ഫ്രാൻസിസിന്.

Verified by MonsterInsights