പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചവർക്കായി അതിർത്തികൾ തുറക്കാനൊരുങ്ങി ഫിലിപ്പീൻസ്

പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ച സഞ്ചാരികൾക്കായി വീണ്ടും അതിർത്തികൾ തുറക്കാനൊരുങ്ങി ഫിലിപ്പീൻസ്, ഫെബ്രുവരി 10 മുതൽ ഫിലിപ്പീൻസ് വീണ്ടും രാജ്യാന്തര യാത്രക്കാരെ വരവേൽക്കും. കോവിഡ് മൂലം തകർന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ടൂറിസം മേഖല സജീവമാക്കാനുള്ള ഒരുക്കത്തിലാണ് ഈ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം ഇപ്പോൾ.

150- ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീസ രഹിത ആനുകൂല്യങ്ങളോടെ രാജ്യം വീണ്ടും തുറക്കുകയാണെന്ന് ടൂറിസം സെക്രട്ടറി ബെർണ റൊമുലോ പുയാറ്റ് പറഞ്ഞു. കോവിഡ് മൂലമുണ്ടായ ലോക്ഡൗൺ യാത്രാ നിയന്ത്രണങ്ങളും മറ്റും ടൂറിസം മേഖലയെ വളരെ പ്രതികൂലമായി ബാധിച്ചു. വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന കമ്മ്യൂണിറ്റികളിലെ ജോലികളും ബിസിനസുകളും എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഈ നീക്കം സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പൂർണമായും വാക്സിനേഷൻ എടുത്തിട്ടുള്ള വിദേശ യാത്രക്കാർ, എത്തിച്ചേരുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടി പിസിആർ ടെസ്റ്റ് റിപ്പോർട്ട് കയ്യിൽ കരുതണം. അങ്ങനെയുള്ള യാത്രക്കാർക്ക് എത്തിച്ചേരുമ്പോൾ സർക്കാർ സൗകര്യങ്ങളിൽ ഒരുക്കിയിരിക്കുന്ന ക്വാറന്റീൻ പാലിക്കേണ്ടതില്ല.

എത്തിച്ചേരുന്ന സമയത്ത്, പാസ്പോർട്ടുകൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണം. ഫിലിപ്പീൻസിലേക്ക് എത്തുന്ന സഞ്ചാരികളുടെ കയ്യിൽ, അവരുടെ സ്വന്തം രാജ്യത്തേക്കോ അല്ലെങ്കിൽ അടുത്ത ലക്ഷ്യസ്ഥാനത്തേക്കോ ഉള്ള ഔട്ട്ബൗണ്ട് ടിക്കറ്റുകളും ഉണ്ടായിരിക്കണം. ഡിസംബറിന്റെ തുടക്കത്തിൽത്തന്നെ ഫിലിപ്പീൻസിലെ യാത്രാ നിരോധനം നീക്കുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്, എന്നാൽ വർദ്ധിച്ചുവരുന്ന ഒമിക്രോൺ കേസുകൾ കാരണം ഇത് മാറ്റിവയ്ക്കാനും വീണ്ടും കർശനമായ ആഭ്യന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാർ നിർബന്ധിതരായി. ഫിലിപ്പീൻസിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) നാലിലൊന്ന് ടൂറിസം മേഖലയിൽ നിന്നാണ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാര മേഖലയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് ഫിലിപ്പീൻസ്. 2018ൽ ഏകദേശം 200,000 ബ്രിട്ടീഷ് പൗരന്മാർ രാജ്യം സന്ദർശിച്ചു എന്നാണ് കണക്ക്.

സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കൊറോണ പടർന്നുപിടിച്ച ആദ്യ വർഷത്തിൽ മാത്രം, ടൂറിസം മേഖലയിൽ ജോലി ചെയ്തിരുന്ന ഒരു ദശലക്ഷത്തിൽ അധികം ഫിലിപ്പിനോകൾക്ക് ജോലി നഷ്ടപ്പെട്ടു. നിലവിൽ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്ക് ഫിലിപ്പീൻസിലാണ് എന്നൊരു പ്രത്യേകതയുമുണ്ട്. പശ്ചിമ ശാന്തസമുദ്രത്തിലെ, 7,000 ത്തിലധികം ഉഷ്ണമേഖലാ ദ്വീപുകളുള്ള അതിമനോഹരമായ രാജ്യമാണ് ഫിലിപ്പീൻസ്. ഇവയിൽ 700 എണ്ണത്തിൽ മാത്രമേ ജനവാസമുളളൂ. സഞ്ചാരികൾക്ക് മനോഹരമായ ബീച്ചുകളും അതുല്യമായ സംസ്കാരവും മികച്ച സമുദ്ര സാഹസിക വിനോദാവസരങ്ങളും ഈ രാജ്യം വാഗ്ദാനം ചെയ്യുന്നു.

ബീച്ചുകൾക്ക് പേരുകേട്ട ബൊറാകേ ദ്വീപിനെ 2012-ൽ ട്രാവൽ + ലെഷർ മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച ദ്വീപായി തിരഞ്ഞെടുത്തിരുന്നു. സുഖകരമായ കാലാവസ്ഥയും കുറഞ്ഞ ജീവിതച്ചെലവും കാരണം ഫിലിപ്പീൻസ് വിദേശികളെ സംബന്ധിച്ചിടത്തോളം ഒരു പ്രശസ്തമായ റിട്ടയർമെന്റ് ഡെസ്റ്റിനേഷൻ കൂടിയാണ്. റെഗുലർ പാസ്പോർട്ട് കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക്, യാത്രാദൈർഘ്യം പരിഗണിക്കാതെ തന്നെ ഫിലിപ്പീൻസിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമാണ്. 30 ദിവസത്തിൽ കുറഞ്ഞ കാലയളവിലേക്ക് ഫിലിപ്പീൻസിൽ തുടരാൻ ഉദ്ദേശിക്കുന്ന നയതന്ത അല്ലെങ്കിൽ ഔദ്യോഗിക പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഫിലിപ്പീൻസ് വീസ ആവശ്യമില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights