പ്രകാശത്തിന്റെ ഉത്സവം അടിച്ചുപൊളിക്കാൻ പോകാം, ഇവിടങ്ങളിലേക്ക്!

ഇന്ത്യയിൽ ഒരുവിധം എല്ലായിടത്തും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ദീപാവലി. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് മൺവിളക്കുകൾ തെളിയിക്കുകയും പടക്കം പൊട്ടിക്കുകയും മധുരപലഹാരങ്ങളും സമ്മാനങ്ങളും കൈമാറുകയും ചെയ്യുന്ന ഈ വേളയിൽ, ദീപാവലിയുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണാൻ പറ്റുന്ന ചില ഇടങ്ങൾ ഇന്ത്യയിലുണ്ട്. ദീപാവലി സമയത്ത് ഇന്ത്യയിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ അറിയാം.

1. വാരണാസി

ഇന്ത്യയിൽ ദീപാവലി വിപുലമായി ആഘോഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് വാരണാസി. ഗംഗയുടെ കരയിൽ വരിവരിയായി ദീപങ്ങൾ കത്തിച്ചുവച്ചിരിക്കുന്ന കാഴ്ച ഹൃദയഹാരിയാണ്. ഗംഗയിൽ മുങ്ങി പാപങ്ങൾ കഴുകിക്കളയുന്നതോടെ വാരാണസിയിലെ ദീപാവലി ആഘോഷം ആരംഭിക്കുന്നു. പരമ്പരാഗത വസ്ത്രങ്ങളും രുചികരമായ മധുരപലഹാരങ്ങളും കൊണ്ട് ചന്തകൾ നിറയും. അൽപം ക്ഷമയുണ്ടെങ്കിൽ ഗംഗാ മഹോത്സവത്തിന്റെ ഭാഗമായ ദേവ് ദീപാവലിക്കും (ദൈവങ്ങളുടെ ദീപാവലി) സാക്ഷിയാകാം. സഞ്ചാരികൾക്ക് സൂര്യാസ്തമയ സമയത്ത് ദീപാലങ്കാരപൂരിതമായ ഗംഗയിലൂടെ ബോട്ട് സവാരിയും നടത്താം.

2. അമൃത്സർ

ദീപാവലി സമയത്ത് ഇന്ത്യയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് അമൃത്സർ. സിഖ് സമൂഹം ‘ബന്ദി ചോർ ദിവസ്’ ആഘോഷിക്കുന്ന സമയമാണ് ദീപാവലി. പ്രശസ്തമായ ഗോൾഡൻ ടെമ്പിളിനൊപ്പം നഗരം മുഴുവനും പ്രകാശപൂരിതമാകും. ഒപ്പം മഞ്ഞപ്പൂക്കൾ വിടർത്തിയ കടുകുപാടങ്ങൾക്കൊപ്പം പ്രകൃതിയും ആഘോഷത്തിൽ പങ്കുചേരും.

3. ഉദയ്പൂർ

ഇന്ത്യയിലെ ഏറ്റവും മികച്ച ദീപാവലി ആഘോഷം കാണണമെങ്കിൽ ഉദയ്പൂർ സന്ദർശിക്കണം എന്നാണ് പറയുക. ധൻതേരസ് ആഘോഷത്തോടു കൂടിയാണ് ഉത്സവദിനങ്ങൾ ആരംഭിക്കുന്നത്. പ്രകാശപൂരിതമായ ചന്തസ്ഥലങ്ങളിൽ പ്രാദേശിക സംഗീതജ്ഞർ ഫോൾഡ് മ്യൂസിക് വായിക്കുന്നത് കാണാം. പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനുള്ള ഗിഫ്റ്റ് ഇനങ്ങൾ കൊണ്ട് കടകൾ നിറയും. ഒപ്പം മാർവാഡികളുടെ പരമ്പരാഗത രീതിയിൽ പാകംചെയ്ത രുചികരമായ ഭക്ഷണങ്ങൾ ആസ്വദിക്കാനുള്ള അവസരം കൂടിയാണിത്.

4. കൊൽക്കത്ത

രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുമ്പോൾ, ബംഗാളികൾക്കത് കാളി പൂജയാണ്. ദീപാവലിയോട് അനുബന്ധിച്ച് നടക്കുന്ന ബംഗാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് കാളി പൂജ ഉത്സവ സീസണിൽ കൊൽക്കത്തയുടെ മുഖം മാറുന്നു. എങ്ങും ദിയകൾ, വിളക്കുകൾ, മെഴുകുതിരികൾ, ഫെയറി ലൈറ്റുകൾ എന്നിവ കൊണ്ടു നിറയുന്നു. തെരുവോരങ്ങളിൽ അവിടവിടെയായി ആഘോഷപ്പന്തലുകൾ ഉയരുന്നതും ഈ സമയത്തെ പ്രധാന കാഴ്ചയാണ്.

5. ഗോവ

നരക ചതുർദശി മുതൽ ഉത്സവമേളം ആരംഭിക്കുന്ന ഗോവയാണ് ദീപാവലി ആഘോഷത്തിനായി പോകാവുന്ന മറ്റൊരു പ്രശസ്തമായ നഗരം . ദീപാവലി ദിനത്തിൽ ആളുകൾ തങ്ങളുടെ വീടുകളിലെ ജനലുകളും വാതിലുകളും വിളക്കുകൾ കൊണ്ട് അലങ്കരിക്കുന്നു. ഒപ്പം നരകാസുരന്റെ ഭീമാകാരമായ പ്രതിമകൾ ഉണ്ടാക്കുകയും പിറ്റേന്ന് അതിരാവിലെ കത്തിക്കുകയും ചെയ്യുന്നു.

6. ജമ്മുകശ്മീർ

കശ്മീരി പണ്ഡിറ്റുകളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ദീപാവലി. അന്നേദിവസം വീട്ടിലെ മുതിർന്നവർ ദിവസം മുഴുവൻ ഉപവസിക്കുന്നു, തുടർന്ന് ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുന്നു. ഈ ദിവസം ആളുകൾ പുതിയ വസ്ത്രങ്ങൾ ധരിക്കുകയും സമ്മാനമായി പണം നൽകുകയും ചെയ്യുന്നു.

Verified by MonsterInsights