പുതുചരിത്രം രചിച്ച് അമേരിക്കൻ ഡോക്ടർമാർ

ഹൃദയ ശസ്ത്രക്രിയാരംഗത്ത് പുതുചരിത്രം രചിച്ച് അമേരിക്കയിലെ ഒരു സംഘം ഡോക്ടർമാർ. ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിർണായക നേട്ടം ഇവർ കൈവരിച്ചത്. അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയിലാണ് ശസ്ത്രക്രിയ നടന്നത്. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവച്ചത്.

ശസ്ത്രക്രിയ പൂർത്തിയാക്കി മൂന്നുദിവസം പിന്നിടുമ്പോൾ രോഗി സുഖമായിരിക്കുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡിൽ പിടിപ്പിച്ചത്. ശസ്ത്രക്രിയ ഏകദേശം എട്ടു മണിക്കൂർ നീണ്ടുനിന്നു. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തിൽ ഉടനടി പ്രവർത്തിക്കാൻ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതർ പറഞ്ഞു. 48 മണിക്കൂർ കൂടി യന്ത്രസഹായത്തോടെയാകും ഡേവിഡ് ജീവിക്കുക. അതിനു ശേഷമാകും പൂർണ ആരോഗ്യവാനായി അദ്ദേഹത്തിനു ജീവിക്കാൻ കഴിയുമോ എന്നുള്ള അന്തിമ വിലയിരുത്തലിലേക്കു പോകാൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.

അവയവമാറ്റത്തിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വളരെ ഉയർന്ന നിരക്കിലാണ്. പക്ഷേ അതിനനുസരിച്ച് ദാതാക്കളെ കിട്ടാനില്ലാത്തതു കൊണ്ടാണ് ഇത്തരം ഒരു പുതിയ പരീക്ഷണത്തിന് വൈദ്യശാസ്ത്രം തയാറായത്. മനുഷ്യ ശരീരരവുമായി പൊരുത്തപ്പെട്ടു പോകുന്ന തരത്തിൽ നാലു പ്രാവശ്യം ജനികമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇപ്പോൾ ഡേവിഡിൽ വച്ചുപിടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസം കൂടി കഴിഞ്ഞാലേ ഈ ശസ്ത്രക്രിയയുടെ വിജയത്തെക്കുറിച്ച് പൂർണമായി പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights