ക്വിസ് മൽസരത്തിൽ നിന്ന് 24 കാരൻ നേടിയത് ഒരു കോടി രൂപ; വീട്ടുകാർക്ക് സർപ്രൈസ്

യുകെയിലെ വിറലിലെ ബെബിംഗ്ടണിൽ നിന്നുള്ള 24 വയസുകാരനായ ഡാനിയൽ ഒ ഹാലോറൻ ഒരു ക്വിസ് ഷോയിൽ നിന്ന് നേടിയത് 99,000 പൗണ്ട് (ഒരു കോടി രൂപ). മത്സരാർത്ഥികളുടെ യുക്തിയും സാമാന്യബുദ്ധിയും പരിശോധിക്കുന്ന ഒരു ടി വി ഷോയിൽ നിന്നാണ് ഈ വമ്പൻ തുക സമ്മാനമായി ഡാനിയൽ നേടിയത്. കഴിഞ്ഞ വർഷം കിട്ടിയ സമ്മാനം ഡാനിയൽ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. തന്റെ കുടുംബത്തിന് ഇതൊരു അപ്രതീക്ഷിത വാർത്തയാക്കാൻ ആയിരുന്നു ഡാനിയലിന്റെ പദ്ധതി. പ്രതീക്ഷിച്ച പോലെ ഈ വിവരം അറിഞ്ഞപ്പോൾ ഡാനിയലിന്റെ കുടുംബം സന്തോഷംകൊണ്ട് മതിമറന്നു.

1% ക്ലബ് (1% Club) എന്ന ഗെയിം ഷോയിൽ വിജയിച്ച ഡാനിയൽ 99,000 പൗണ്ട് സമ്മാനമായി നേടിയത്. സമ്മാനത്തുക ഇതുവരെ ലഭിച്ചിട്ടില്ല. ഗെയിം ഷോ വിജയികൾക്ക് സമ്മാനതുക ലഭിക്കാന്‍ വൈകുന്നത് സാധാരണമാണ്.

ഹാസ്യനടൻ ലീ മാക്കാണ് ഈ ഗെയിം ഷോ അവതരിപ്പിക്കുന്നത്. 100 മത്സരാർത്ഥികളിൽ നിന്ന് ഒരാൾക്ക് മാത്രമേ ഇത്ര വലിയ തുക സമ്മാനമായി ലഭിക്കൂ. വലിയ സമ്മാനതുക നേടാനുള്ള സാധ്യത കണക്കിലെടുത്ത് 10,000 പൗണ്ട് നേടാനുള്ളഎ ക്വിറ്റ് ചെയ്യാനുള്ള അവസരം മത്സരത്തിനിടെ ഡാനിയൽ നിരസിച്ചിരുന്നു.

ഒരു ശതമാനം അമേരിക്കക്കാർ മാത്രം ശരിയായി ഉത്തരം നൽകുന്ന ചോദ്യങ്ങൾക്കാണ് ഈ ​ഗെയിംഷോയിലെ മൽസരാർത്ഥികൾ ഉത്തരം നൽകേണ്ടത്. ഈ മത്സരം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഓരോ മത്സരാർത്ഥിക്കും 1000 പൗണ്ട് മുതൽ ക്രെഡിറ്റ് ചെയ്യപ്പെട്ടാണ് മൽസരം ആരംഭിക്കുന്നത്.

സമ്മാനം കിട്ടിയ നിമിഷത്തിൽ തന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വേദിക്ക് ചുറ്റും ഓടാൻ തുടങ്ങിയെന്നും വളരെയധികം ആശ്ചര്യപ്പെട്ടുവെന്നും ഞെട്ടിപ്പോയെന്നും ആയിരുന്നു ലിവർപൂൾ എക്കോയ്‌ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഡാനിയൽ പറഞ്ഞത്. ഷോയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ തുക നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും ഡാനിയൽ കൂട്ടിച്ചേർത്തു.

സമ്മാനത്തുക ചെക്കായാണ് ലഭിക്കുക. മത്സരം ടെലിവിഷനിൽ സംപ്രേഷണം ചെയ്ത് ആഴ്ചകൾക്ക് ശേഷം മാത്രമേ അത് അയയ്ക്കൂ. എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിന് വേണ്ടി മാത്രം ഡാനിയലിന് ഒമ്പത് മാസം കാത്തിരിക്കേണ്ടി വന്നു. ഇനി സമ്മാനത്തുക ലഭിക്കുന്നതിന് ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്.

2022 ജൂലൈയിൽ മാഞ്ചസ്റ്ററിൽ നടന്ന ഷോയിലാണ് ഡാനിയൽ പങ്കെടുത്തത്. ഏപ്രിൽ 29 വരെ ഷോ സംപ്രേക്ഷണം ചെയ്തിരുന്നില്ല. മെയ് 29-ന് ഡാനിയലിന് സമ്മാനത്തുകയായി 99,000 പൗണ്ട് ലഭിക്കും എന്നാണ് കരുതുന്നത്. വീട്ടുകാരിൽ നിന്ന് ഈ സന്തോഷവാർത്ത മറച്ചു വെച്ചെങ്കിലും വിജയിച്ച വിവരം മുത്തശ്ശിയെ മാത്രം അറിയിച്ചിരുന്നു. രഹസ്യം സൂക്ഷിക്കുന്നതിൽ മുത്തശ്ശി നിർണായക പങ്ക് വഹിച്ചുവെന്നും മുത്തശ്ശിയുടെ സഹായത്തിൽ സന്തോഷമുണ്ടെന്നും ഡാനിയൽ പറഞ്ഞു.

Verified by MonsterInsights