രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും; കൊച്ചിയില്‍ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണം

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.40ന് പ്രത്യേക വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും.

തുടർന്ന് നാവികസേനയുടെ ഭാഗമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘നിഷാൻ’ ദ്രൗപദി മുർമു സമ്മാനിക്കും. വൈകിട്ട് 4.20 നാണ് ചടങ്ങ്. തുടർന്ന് വൈകിട്ട് 7.20ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ താമസിക്കുന്നത്.

17ന് രാവിലെ 9.30ന് ഹെലികോപ്ടറിൽ കൊല്ലം വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാർച്ച് 18ന് രാവിലെ കന്യാകുമാരി സന്ദർശനത്തിന് ശേഷം രാഷ്ട്രപതി ഉച്ചയോടെ ലക്ഷദ്വീപിലേയ്ക്ക് പോകും.ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാകും ഡൽഹിയിലേയ്ക്ക് മടങ്ങുക. രാഷ്ട്രപതിയുടെ സന്ദർശനത്തിനെ തുടർന്ന് ഇന്ന് കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി

Verified by MonsterInsights