ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി കേരളം റിപ്പബ്ലിക് ദിന പരേഡിൽ ഗോത്രനൃത്തം അവതരിപ്പിക്കുന്നു. നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും കേന്ദ്ര പ്രമേയമാക്കി കേരളം ഒരുക്കുന്ന ടാബ്ലോയുടെ റിഹേഴ്സൽ പൂർത്തിയായി. സാധാരണക്കാരായ പ്രാദേശിക വനിതകളുടെ കൂട്ടായ്മയും പ്രവർത്തനങ്ങളും സമൂഹവികസനത്തിനും രാജ്യപുരോഗതിക്കും എങ്ങനെ നേട്ടമാകുന്നു എന്നതാണ് കേരളം ടാബ്ലോയിൽ പ്രദർശിപ്പിക്കുന്നത്.
96-ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് 2020 ലെ നാരീശക്തി പുരസ്കാര ജേതാവായ കാർത്ത്യായനി അമ്മയെ ട്രാക്ടർ ഭാഗത്തും മികച്ച പിന്നണി ഗായികയ്ക്കുളള ദേശീയപുരസ്ക്കാരം നേടിയ ആദ്യ ആദിവാസി വിഭാഗം വനിതയായ നഞ്ചിയമ്മയെ ട്രെയ്ലർ ഭാഗത്തും അവതരിപ്പിച്ചാണ് ടാബ്ലോയിൽ സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യം പ്രതീകവത്ക്കരിക്കുന്നത്. നാടൻ പാട്ട് കെട്ടലും ആലാപനവും നിർവ്വഹിച്ചിരിക്കുന്നതും നഞ്ചിയമ്മയാണ്.
അട്ടപ്പാടി കേന്ദ്രമാക്കി നഞ്ചിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗോത്രകലാമണ്ഡലത്തിൽ നിന്നുള്ള എട്ട് കലാകാരികളാണ് കേരളത്തിൻ്റെ ടാബ്ലോയ്ക്ക് നൃത്ത ചാരുത പകരുന്നത്. അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നുള്ള ശോഭ ബി, ശകുന്തള യു.കെ, റാണി ബി, പുഷ്പ കെ, സരോജിനി, രേഖ എൽ, വിജയ, ഗൗരി എൽ എന്നിവരാണ് ഗോത്രനൃത്തം അവതരിപ്പിക്കുന്നത്. ഗോത്രകലാമാണ്ഡലത്തിൻ്റെ ഭാഗമായി വിവിധയിടങ്ങളിൽ വർഷങ്ങളായി കലാപരിപാടികൾ അവതരിപ്പിക്കുന്ന സംഘം രാജ്യതലസ്ഥാനത്ത് നൃത്തവുമായി എത്തുന്നത് ആദ്യമാണ്.
കേരളത്തിലെ ഗോത്രവിഭാഗ നൃത്തങ്ങളിൽ ഇരുള വിഭാഗത്തിന്റെ നൃത്തത്തെ വ്യത്യസ്തമാക്കുന്നത് ചടുലമായ ചുവടുകളും താളവുമാണ്. ഉത്സവ-ഉല്ലാസവേളകളിലും കൃഷി തുടങ്ങുമ്പോഴും വിളവെടുക്കുമ്പോഴും അവതരിപ്പിക്കുന്ന നൃത്ത ചുവടുകൾ സമ്മേളിപ്പിച്ചുകൊണ്ട് ഇരുള നൃത്തത്തിന്റെ കൊറിയോഗ്രഫി നിർവ്വഹിച്ചിരിക്കുന്നത് പഴനിസ്വാമി എസ്. ആണ്. തനത് വേഷവിധാനത്തിലാണ് നൃത്താവതരണം. ബേപ്പൂർ റാണി എന്ന് പേരിട്ട് ഉരു മാതൃകയിൽ തയ്യാറാക്കിയ ടാബ്ലോയുടെ ഇരുവശത്തുമായാണ് നൃത്തം അവതരിപ്പിക്കുന്നത്.
സംഘത്തിലെ രണ്ട് പേർ കുടുംബശ്രീ ആനിമേറ്റർ മാരാണ്. ഒരാൾ ഹോം ഗാർഡായും പ്രവർത്തിക്കുന്നു. ഫോക് ലോർ അക്കാദമി, കിർത്താഡസ്, എസ് റ്റി. ഡിപ്പാർട്ട്മെൻ്റ് എന്നിവയ്ക്കായി വിവിധയിടങ്ങളിൽ ഗോത്ര നൃത്താവതരണം നടത്തിയിട്ടുണ്ട്. ഡൽഹിയിൽ അട്ടപ്പാടിയുടെ ഗോത്രനൃത്തം രാജ്യത്തിന് പരിചയപ്പെടുത്താനവസരം ലഭിച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഈ കലാകാരികൾ. ടാബ്ലോയിൽ ഗോത്രനൃത്തത്തിനൊപ്പം ശിങ്കാരിമേളവും കളരിപ്പയറ്റും അവതരിപ്പിക്കുന്നുണ്ട്.
സ്ത്രീകൾ മാത്രമുള്ള ടാബ്ലോയുടെ ആശയം തയ്യാറാക്കിയതും പ്രതിരോധമന്ത്രാലയത്തിൽ അവതരിപ്പിച്ചതും ടാബ്ലോയുടെ നോഡൽ ഓഫീസറും കലാ സംഘത്തിന്റെ ടീം ലീഡറുമായ ഡൽഹി. ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസാണ്. ഡിസൈനർ റോയ് ജോസഫിന്റെ നേതൃത്വത്തിൽ ബിഭൂതി ഇവന്റ്സ് ആന്റ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഫ്ലോട്ടൊരുക്കുന്നത്. സൗണ്ട് എഞ്ചിനീയർ പാലക്കാട്ട് സ്വദേശി ജിതിനാണ്. കണ്ണൂർ സ്വദേശി കലാമണ്ഡലം അഭിഷേകാണ് കർത്തവ്യ പഥിന് യോജിച്ച വിധം ശിങ്കാരിമേളം ചിട്ടപ്പെടുത്തിയത്.