സമയക്രമീകരണം പ്രധാനം; കൃത്യ സമയത്ത് ഭക്ഷണം കഴിച്ചാല്‍ പ്രമേഹ സാധ്യത കുറയും

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം 422 ദശലക്ഷം ആളുകള്‍ പ്രമേഹവമായി മല്ലിടുന്നുണ്ട്. ഇത്രയധികം ആളുകളിലെ പ്രമേഹം ഗൗരവമുള്ള ആരോഗ്യ പ്രശ്‌നമായാണ് കാണുന്നത്. സമയ നിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ‘അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍’ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നാം എന്ത് ഭക്ഷണം കഴിക്കുന്നു എന്നതുപോലെതന്നെ ഭക്ഷണം കഴിക്കുന്ന സമയവും പ്രധാനമാണ്.പുതിയ കണ്ടെത്തല്‍ പ്രകാരം പ്രമേഹം പിടിപെടാന്‍ സാധ്യതയുളളവര്‍ക്ക് പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് അവരുടെ ഭക്ഷണ ശീലങ്ങള്‍ ശരീരത്തിന്റെ സ്വാഭാവികമായ ബയോളജിക്കൻ ക്ലോക്കിൻ്റെ താളവുമായി പൊരുത്തപ്പെടുന്നതിലൂടെ രോഗം തടയാന്‍ കഴിയും. ഒരു പ്രത്യേക പാറ്റേണിലാണ് ഇതനുസരിച്ച് ഭക്ഷണം കഴിക്കേണ്ടത്.

രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിതമായ ഭക്ഷണവും

സമയ നിയന്ത്രിതമായി കഴിക്കുക എന്നാല്‍ ഭക്ഷണം സമയത്ത് കഴിക്കുക എന്നാണ്. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം പിന്നീട് 8 മുതല്‍ 10 മണിക്കൂര്‍ വരെയുളള സമയത്തിനകം ബാക്കി ഭക്ഷണക്രമം ക്രമീകരിക്കണം എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.അതായത് നിങ്ങളുടെ ദൈനംദിന ഭക്ഷണ സമയം 10 മണിക്കൂറായി പരിമിതപ്പെടുത്തിയെന്ന് വയ്ക്കുക. അപ്പോള്‍ രാവിലെ എട്ട് മണിക്ക് നിങ്ങള്‍ ആദ്യത്തെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ ആ ദിവസം നിങ്ങളുടെ അവസാനത്തെ ഭക്ഷണം വൈകുന്നേരം ആറ് മണിക്ക് കഴിക്കേണ്ടതുണ്ട്. ഈ സമയക്രമം പാലിച്ചവര്‍ക്ക് HbA1c ലെവലില്‍ പ്രകടമായ പുരോഗതി ഉണ്ടായതായി പഠനം കണ്ടെത്തി.

ശരീരത്തിന്റെ സ്വാഭാവിക ഘടികാരവും ഭക്ഷണക്രമീകരണവും

ഉപാപചയ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ ശരീരത്തിന്റെ സ്വാഭാവിക ജൈവ ഘടികാരത്തിന്റെ പങ്ക് ഈ പഠനം എടുത്ത് പറയുന്നുണ്ട്. ഹോര്‍മോണ്‍ അളവ്, ദഹനം, ഊര്‍ജ്ജവിനിയോഗം എന്നിവ നിയന്ത്രിക്കുന്ന 24 മണിക്കൂര്‍ ബയോളജിക്കല്‍ ക്ലോക്കാണ് നമ്മുടെ ശരീരം പിന്തുടരുന്നത്. പ്രത്യേകിച്ചും അതിരാവിലെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുമ്പോള്‍ പാന്‍ക്രിയാസിന്റെ ഭാരം നിയന്ത്രിക്കാന്‍ കഴിയും. അതുപോലെ ദഹനത്തിനുള്ള ഏറ്റവും നല്ല സമയം അനുസരിച്ച് ഭക്ഷണ ക്രമം
ക്രമീകരിക്കണം. രാത്രി വൈകിയുള്ള ഭക്ഷണമോ ലഘുഭക്ഷണമോ ഒഴിവാക്കുന്നത് നന്നായിരിക്കും.

ശരീരഭാരം കുറയും കൊഴുപ്പ് കുറയും

എടുത്തുപറയേണ്ട മറ്റൊന്ന് സമയബന്ധിതമായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ അത് പ്രമേഹവുമായി അടുത്ത ബന്ധമുള്ള വയറ്റിലെ കൊഴുപ്പ് കുറയാന്‍ സഹായിക്കും എന്നതാണ്. ഇത് മൂലം ശരീരഭാരം കുറയുക മാത്രമല്ല പേശികളുടെ ആരോഗ്യവും വര്‍ദ്ധിക്കും. വയറിലെ അവയവങ്ങള്‍ക്ക് ചുറ്റുമുളള കൊഴുപ്പ് കുറയുന്നത് ടൈപ്പ് 2 പ്രമേഹത്തിനും മറ്റ് മെറ്റബോളിക് രോഗങ്ങള്‍ക്കുമുള്ള സാധ്യതകുറയ്ക്കുന്നു. ഇത്തരത്തില്‍ കൊഴുപ്പ് കുറയുമ്പോള്‍ മൊത്തത്തിലുള്ള ശരീരഭാരം കുറയുകയും ടൈപ്പ് 2 പ്രമേഹവും അമിത വണ്ണവും കുറയുകയും ചെയ്യും.

Verified by MonsterInsights