സഞ്ചാരികളെ ഇതിലെ.. ഇതിലെ.. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്താന്‍ കുടുംബശ്രീയുടെ യാത്രാശ്രീ ആദ്യ യാത്ര നവംബര്‍ 10ന്

ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് യാത്ര ഇടങ്ങള്‍ പരിചയപ്പെടുത്തി വഴി കാട്ടിയാവാന്‍ ഇനി കുടുംബശ്രീയുടെ യാത്രാശ്രീയും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ജില്ലാമിഷന്റെ കീഴില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നായി 18 യുവ വനിതകളെയാണ് യാത്രാശ്രീ അംഗങ്ങളായി തിരഞ്ഞെടുത്തത്. ട്രാവല്‍ ആന്റ് ടൂറിസം കോഴ്സ് കഴിഞ്ഞവരടക്കം അംഗങ്ങള്‍ എല്ലാവരും തന്നെ ബിരുദധാരികളാണ്. കുടുംബശ്രീയുടെയും ബി.ആര്‍.ഡി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇവര്‍ക്കായി പരിശീലനം നല്‍കിയിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയും വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുകയുമാണ് യാത്രാശ്രീയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കാവശ്യമായ താമസം, ഭക്ഷണം എന്നിവ ഇവരുടെ നേതൃത്വത്തില്‍ ഒരുക്കിക്കൊടുക്കും. യാത്രാശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ തിരിച്ചറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി പഠനം നടത്തുകയും സാധ്യതകള്‍ വിശകലനം ചെയ്ത് ഇതിനകം റിപ്പോര്‍ട്ട് ബി.ആര്‍.ഡി.സിക്ക് സമര്‍പ്പിച്ചു. വിനോദ സഞ്ചാര മേഖലയിലെ കാസര്‍കോടന്‍ വൈവിധ്യങ്ങളെ പരിചയപ്പെടുത്താനും സപ്തഭാഷാ സംഗമഭൂമിയുടെ വിനോദസഞ്ചാരത്തിന് പുതിയ മുഖം നല്‍കാനും യാത്രാശ്രീയ്ക്ക് കഴിയും. നാട്ടുകാരെ കൂടി ഉള്‍പ്പെടുത്തി അവര്‍ക്കടക്കം വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന തരത്തില്‍  ഉത്തരവാദിത്വ ടൂറിസമാണ് യാത്രാശ്രീ നടപ്പാക്കുക. 

ജില്ലയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരം നടത്തുന്നവര്‍ക്കും യാത്രാശ്രീയുടെ നേതൃത്വത്തില്‍ ടൂറിസം പാക്കേജുകള്‍ നല്‍കും. നവംബര്‍ 10ന് യാത്രാശ്രീയുടെ നേതൃത്വത്തില്‍ 75 അംഗ മൈസൂര്‍ – ഊട്ടി ആദ്യ യാത്ര നടത്തും. വലിയ പറമ്പ, പള്ളിക്കര എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് ഗ്രൂപ്പുകള്‍ ആയാണ് യാത്രശ്രീയുടെ പ്രവര്‍ത്തനം. ബേക്കല്‍ കോട്ടക്കുന്ന് ബി.ആര്‍.ഡി.സിയുടെ ഓഫീസിനോട് തൊട്ടടുത്താണ് യാത്രാശ്രീ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9188842937 ഇമെയില്‍ yathrasreebekaltourism@gmail.com

ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ടൂറിസം മേഖലയിലെ അവസരങ്ങള്‍ തിരിച്ചറിഞ്ഞ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ഉപജീവനാവസരമാക്കി മാറ്റാന്‍ യാത്രാശ്രീയെന്ന സംരംഭത്തിലൂടെ കഴിഞ്ഞു. വനിതാ ജീവനോപാധി മേഖല മെച്ചപ്പെടുത്താനും, സ്ത്രീ ശാക്തീകരണം സാധ്യമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ പറഞ്ഞു.

Verified by MonsterInsights