‘സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോർട്ട് പ്രകാരം ശമ്പളം നല്‍കും’: പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള ശമ്പളം നല്‍കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ -ആഭ്യന്തര മന്ത്രി എ. നമശിവായം. ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ശമ്പളം വിതരണം ചെയ്യുന്നതിന് ആവശ്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായതിനാല്‍ കേന്ദ്രത്തിൽ നിലവിലുള്ള സംവിധാനത്തിന് തുല്യമായി ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാര്‍ക്കുള്ള ശമ്പള അലവന്‍സുകളുടെ മാതൃകയാണ് പിന്തുടരുന്നത്. കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരം തങ്ങള്‍ക്കും വേതനം അനുവദിക്കണമെന്ന് ഇവിടുത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് പുതിയ ഉത്തരവില്‍ വിദ്യാഭ്യാസ-ആഭ്യന്തരമന്ത്രിയ്ക്ക് നന്ദിയറിയിച്ച് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പ്രതിനിധി സംഘം എത്തിയിരുന്നു. അതേസമയം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കഞ്ചാവ് വില്‍പ്പനയും മയക്കുമരുന്ന് വില്‍പ്പനയും തടയാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി എന്‍ രംഗസ്വാമി അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.”കഞ്ചാവ് വില്‍പ്പനയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും നിരീക്ഷിക്കാനായി പൊലീസില്‍ ഒരു പ്രത്യേക വിഭാഗത്തെ രൂപീകരിക്കുമെന്നും,’ രംഗസ്വാമി പറഞ്ഞു. അതേസമയം എച്ച്3എന്‍2 ഇന്‍ഫ്‌ളുവന്‍സ വൈറസ് പുതുച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

”ഇന്‍ഫ്‌ളുവന്‍സ രോഗവുമായി എത്തുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലും പ്രത്യേകം ബൂത്തുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണ്. ഈ മാസം അവസാനത്തോടെ കേസുകള്‍ കുറയുമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

 
Verified by MonsterInsights