സ്കൂൾ പ്രകടന നിലവാര സൂചികയിൽ കേരളം ഒന്നാമത്; തൊട്ടുപിന്നിൽ പഞ്ചാബും ചണ്ഡീഗഡും മഹാരാഷ്ട്രയും

ന്യൂഡൽഹി:  2020-21 അധ്യയന വർഷത്തെ രാജ്യത്തെ സ്കൂളുകളുടെ പ്രകടന നിലവാര സൂചികയിൽ കേരളം ഒന്നാമത്. പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. എന്നാൽ കേരളം ഉൾപ്പെടെയുള്ള ഈ സംസ്ഥാനങ്ങളെല്ലാം തന്നെ സൂചികയിലെ ലെവൽ 2 വിഭാഗത്തിലാണുള്ളത്. ലെവൽ ഒന്നിലെത്താൽ ഒരു സംസ്ഥാനങ്ങൾക്കും കഴിഞ്ഞിട്ടില്ല.

വിദ്യാഭ്യാസ മന്ത്രാലയവും സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും ചേർന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി പുറത്തിറക്കിയ 2020-21 പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് (PGI) റാങ്കിംഗിലാണ് കേരളം, പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഏറ്റവും ഉയർന്ന സ്‌കോറുകളോടെ ലെവൽ രണ്ടിലെത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് സൂചിക പുറത്തിറക്കിയത്. വിവിധ സൂചകങ്ങൾ പരിശോധിച്ച് സമഗ്രമായ വിശകലനം നടത്തിയാണ് സംസ്ഥാനങ്ങൾക്ക് റാങ്കിംഗ് നൽകിയിരിക്കുന്നത്.

 

കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവ 2020-21ൽ ലെവൽ 2 (സ്‌കോർ 901-950) സ്കോറാണ് നേടിയിരിക്കുന്നത്. 2019-20ൽ ലെവൽ നാലിലായിരുന്നു ഈ സംസ്ഥാനങ്ങൾ. എന്നാൽ ഇത്തവണ ഏറ്റവും ഉയർന്ന സ്കോർ നേടിയത് കേരളം, പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളാണ്. കേരളം – 930, പഞ്ചാബ് – 929, ചണ്ഡീഗഡ് – 929, മഹാരാഷ്ട്ര – 928 എന്നിങ്ങനെയാണ് സ്കോർ.

എന്നാൽ ഇത്തവണയും ഒരു സംസ്ഥാനത്തിനും റാങ്കിംഗിൽ ലെവൽ 1ൽ എത്താൻ കഴിഞ്ഞില്ല. അരുണാചൽ പ്രദേശാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. 669 ആണ് അരുണാചൽ പ്രദേശിന്റെ സ്‌കോർ.

കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്, സൂചികയിലെ ലെവൽ 8 ൽ നിന്ന് ലെവൽ 4ലേക്ക് ഉയർന്നു. 2019-20 നെ അപേക്ഷിച്ച് 2020-21ൽ ലഡാക്ക് 299 പോയിൻറുകൾ മെച്ചപ്പെടുത്തി. അതിനാൽ ഒരു വർഷത്തിനിടെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചിരിക്കുന്നത് ലഡാക്കാണ്.

അതേസമയം, ഡൽഹി, ഉത്തർപ്രദേശ് (യുപി), ഹരിയാന, ഹിമാചൽ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവ 851നും 900-നും ഇടയിൽ സ്‌കോർ നേടി ലെവൽ മൂന്നിലെത്തി.

70ഓളം സൂചകങ്ങൾ പരിശോധിച്ചാണ് റാങ്കിംഗ് നടത്തുന്നത്. പഠന ഫലങ്ങൾ, പ്രവേശനം, അടിസ്ഥാന സൗകര്യങ്ങൾ, ഇക്വിറ്റി, ഗവേണൻസ് പ്രോസസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് വിലയിരുത്തൽ നടത്തുന്നത്.

രാജസ്ഥാൻ, കർണാടക, ചണ്ഡീഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ പഠന ഫലങ്ങളുടെ കാര്യത്തിൽ മികച്ച നേട്ടം കൈവരിച്ചപ്പോൾ, ഡൽഹി, കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നിവ പ്രവേശനത്തിന്റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മികവ് പുലർത്തി. സർക്കാർ നടപടികളുടെ കാര്യത്തിൽ, പഞ്ചാബ്, കേരളം, പുതുച്ചേരി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
 
Verified by MonsterInsights