ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സർക്കാർ തീരുമാനം ഹൈകോടതി റദ്ദാക്കി.

ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം ഹൈകോടതി റദ്ദാക്കി. 220 അധ്യയനദിനം തികക്കുന്നതിന് വേണ്ടിയായിരുന്നു സർക്കാർ 2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയത്. ഇതിനെതിരെ അധ്യാപക സംഘടനകളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു.

220 അധ്യയനദിനം നടപ്പാക്കണമെന്നത് ഹൈകോടതി വിധിയാണെന്നും മാറ്റം സാധ്യമല്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. 220 ദിവസം തികച്ചുള്ള വിദ്യാഭ്യാസ കലണ്ടറിൽനിന്ന് പിന്മാറാൻ തയാറല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
 
അതേസമയം, 220 അധ്യയനദിനം പൂർത്തിയാക്കുന്ന കാര്യത്തിൽ കോടതി ഇടപെട്ടില്ല. ശനിയാഴ്ചകളിലെ ക്ലാസുകൾ മാത്രമാണ് റദ്ദാക്കിയത്. മറ്റുവിധത്തിൽ അധ്യയനദിനങ്ങൾ പൂർത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചർച്ച ചെയ്ത് സർക്കാറിന് തീരുമാനമെടുക്കാം.
 
യാതൊരു കൂടിയാലോചനകളുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി തയാറാക്കിയതാണ് ശനിയാഴ്ച പ്രവൃത്തി ദിനമെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഈ തീരുമാനം റദ്ദാക്കിയ ഹൈകോടതി വിധി സർക്കാറിന്‍റെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 
Verified by MonsterInsights