ദീപാവലിത്തന്നു ഡൽഹി നഗരത്തിലെ വായു നില മോശം അവസ്ഥയിൽ. ഇന്നലെ വായു നിലവാര സൂചിക (എക്യുഐ) 259 ആണു രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ 7 വർഷങ്ങളിലെ ദീപാവലിത്തലേന്നത്തെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായി 8-ാം ദിവസമാണു നഗരത്തിൽ വായുനില മോശം അവസ്ഥ രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം ദീപാവലിത്തലേന്നു(നവംബർ 3) എക്യുഐ 314 ആയിരുന്നു. ദീപാവലി ദിനത്തിൽ ഇതു 382 ആയി. തൊട്ടടുത്ത ദിവസം 462 എന്ന ഗുരുതര നിലയിലേക്കും ഉയർന്നിരുന്നു. 2020ൽ ദീപാവലിത്തലേന്നു (നവംബർ 13) 296 ആയിരുന്നു എക്യുഐ. ദീപാവലി ദിവസം ഇതു 414 ആയും തൊട്ടടുത്ത ദിവസം 435 ആയും ഉയർന്നു. 2019ൽ ദീപാവലിയുടെ തലേന്ന് എക്യുഐ 338 ആയിരുന്നു. ദീപാവലി ദിവസം ഇതു 281 എന്ന മെച്ചപ്പെട്ട അവസ്ഥയിലേക്കു മാറിയെങ്കിലും തൊട്ടടുത്ത ദിവസം 390 ആയി.
ശനിയാഴ്ച വൈകിട്ടു നഗരത്തിലെ എക്യുഐ 265 ആയിരുന്നു. ഞായറാഴ്ച രാവിലെ ഇതു 243 ആയി കുറഞ്ഞുവെങ്കിലും വൈകുന്നേരം ഇതു 259 ആയി കൂടിയെന്നു കേന്ദ്ര ഭൗമമന്ത്രാലയത്തിന്റെ കീഴിലുള്ള നിരീക്ഷണ സംവിധാനം സഫറിന്റെ രേഖകൾ പറയുന്നു. അതേസമയം, ഇന്നു നഗരത്തിലെ വായുനില വളരെ മോശം അവസ്ഥയിലേക്കെത്തുമെന്നു നിരീക്ഷ കേന്ദ്രം അധികൃതരുടെ വിലയിരുത്തൽ.
ശനിയാഴ്ച വൈകിട്ടു നഗരത്തിലെ എക്യുഐ 265 ആയിരുന്നു. ഞായറാഴ്ച രാവിലെ ഇതു 243 ആയി കുറഞ്ഞുവെങ്കിലും വൈകുന്നേരം ഇതു 259 ആയി കൂടിയെന്നു കേന്ദ്ര ഭൗമമന്ത്രാലയത്തിന്റെ കീഴിലുള്ള നിരീക്ഷണ സംവിധാനം സഫറിന്റെ രേഖകൾ പറയുന്നു. അതേസമയം, ഇന്നു നഗരത്തിലെ വായുനില വളരെ മോശം അവസ്ഥയിലേക്കെത്തുമെന്നു നിരീക്ഷണ കേന്ദ്രം അധികൃതരുടെ വിലയിരുത്തൽ. അനധികൃതമായ പടക്കം പൊട്ടിക്കൽ വർധിച്ചതും അയൽ സംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കൽ കൂടിയതുമെല്ലാം ഇതിനു കാരണമായി വിലയിരുത്തുന്നു. നാളെ എക്യുഐ ഗുരുതരാവസ്ഥ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
നിർമാണത്തിന് നിയന്ത്രണം
വായുമലിനീകരണത്തോത് ഉയർന്നതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി ആനന്ദ് വിഹാറിലും പരിസരത്തും സ്വകാര്യ കെട്ടിട നിർമാണങ്ങൾ നിരോധിച്ചു. ശനിയാഴ്ച ഇവിടെ എക്യുഐ 410 എന്ന ഗുരുതരാവസ്ഥയിലെത്തിയിരുന്നു. വായുനിലവാര മലിനീകരണ നിയന്ത്രണ കമ്മിഷന്റെ പ്രതിരോധ മാർഗരേഖ അനുസരിച്ചാണു നിർമാണങ്ങൾക്കുള്ള വിലക്ക്.പൊടി നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കാനും അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ(ജിആർഎപി) അനുസരിച്ചു എക്യുഐ 401 മുതൽ 450 വരെയാണെങ്കിൽ അതു ഗുരുതര അവസ്ഥയാണ്. ഈ ഘട്ടത്തിൽ കെട്ടിട നിർമാണം ഉൾപ്പെടെയുള്ളവ നിരോധിക്കണമെന്നാണു വ്യവസ്ഥ.