ഷെങ്കന്‍ വിസക്കായുള്ള 1.2 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകള്‍ തള്ളി; നഷ്ടം കോടികള്‍ ……

യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടത് അള്‍ജീരിയന്‍ പൗരന്മാരുടെതാണ്. 179,409 അള്‍ജീരിയന്‍ അപേക്ഷകളാണ് തള്ളിപ്പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയും തുര്‍ക്കിയുമാണ് ഈ പട്ടികയില്‍ അള്‍ജീരിയക്ക് പിന്നിലായുള്ളത്. ഇന്ത്യയുടെ 121,188 അപേക്ഷകളും തുര്‍ക്കിയുടെ 120,876 അപേക്ഷകളും ഷെങ്കന്‍ വിസ അധികാരികള്‍ തള്ളി.
മൊറോക്കോയും റഷ്യയുമാണ് ഈ പട്ടികയില്‍ ഇന്ത്യക്കും തുര്‍ക്കിക്കും പിന്നിലായുള്ളത്. പതിനെട്ട് ശതമാനമാണ് ഇന്ത്യയുടെ ശരാശരി റിജക്ഷന്‍ റേറ്റ്. ആഗോള തലത്തിലുള്ള റിജക്ഷന്‍ റേറ്റിനേക്കാള്‍ (17.9) അധികമാണിത്. ഷെങ്കന്‍ വിസക്കായുള്ള ഇന്ത്യക്കാരുടെ അപേക്ഷയില്‍ 415% വര്‍ധനവുണ്ടായതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇത്തവണ യൂറോപ്യന്‍ യാത്രക്കായി ഷെങ്കന്‍ വിസ വിസ അപേക്ഷ നൽകിയത്. ഇതില്‍ 121,188 പേരുടെ അപേക്ഷകള്‍ പല കാരണത്താല്‍ തള്ളുകയായിരുന്നു.

7200 രൂപയോളമാണ് ഷെങ്കന്‍ വിസ അപേക്ഷയ്ക്കുള്ള ഫീസ്. നിരസിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സാധാരണഗതിയില്‍ ഫീസ് തിരിച്ചുകിട്ടില്ല. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്ക് നഷ്ടമായത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു 2022.