ശ്രീനഗറിലെ ദാൽ തടാകത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ഫൗണ്ടെയ്ന്‍ വന്നേക്കും

ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വാണ്ടർ ഫൗണ്ടെയ്ൻ സ്ഥാപിച്ചേക്കും. ബുർജ് ഖലീഫയിലെ പ്രശസ്തമായ ദുബായ് ഫൗണ്ടെയ്നേക്കാളും സൗദി അറേബ്യയിലെ കിംഗ് ഫഹദ് ഫൗണ്ടെയ്നേക്കാളും ഉയരമുണ്ടാകും ഇതിനെന്നാണ് റിപ്പോർട്ടുകൾ. ദാൽ തടാകത്തിൽ 250 മുതൽ 300 മീറ്റർ വരെ ഉയരമുള്ള വാണ്ടർ ഫൗണ്ടെയ്ൻ സ്ഥാപിക്കാനുള്ള സാധ്യതകൾ തേടി കൺസൾട്ടന്റുമാരെ അന്വേഷിക്കുകയാണ് ജമ്മു കശ്മീർ സർക്കാർ.

ഇക്കഴിഞ്ഞ മാർച്ചിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സബർവാൻ മുതൽ ദാൽ തടാകത്തിലെ ക്രാലെ സാംഗ്രി വരെയുള്ള അഞ്ച് സ്ഥലങ്ങളിൽ ഡാൻസിങ് ഫൗണ്ടെയ്നുകളും 90 മീറ്റർ വരെ ഉയരത്തിൽ വെള്ളം എത്തിക്കാൻ കഴിയുന്ന ഒരു ഉയർന്ന വാട്ടർ ജെറ്റും ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

“ദാൽ തടാകത്തിൽ, ജമ്മു കശ്മീർ ലേക് കൺസർവേഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ജെറ്റ് സ്ഥാപിക്കാൻ ആലോചിക്കുകയാണ്”, എന്ന് മേയ് 2 ന് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ദാൽ തടാകത്തിൽ ഒരു സൂപ്പർ ഹൈ ജെറ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ടും ബജറ്റും സമർപ്പിക്കാനും ഇവർ കൺസൾട്ടന്റുമാരോട് ആവശ്യപ്പെട്ടിരുന്നു.

രണ്ടു ഘട്ടങ്ങളിലായാകും ഈ പ്രൊജക്ട് നടപ്പിലാക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‌പദ്ധതിയുടെ ചുമതലയേൽപ്പിക്കുന്ന കൺസൾട്ടന്റ് ഇത് ആവിഷ്കരിക്കുകയും രൂപകൽപന ചെയ്യുകയും ചെയ്യും.

ദാൽ തടാകത്തിൽ അടുത്തിടെ സ്ഥാപിച്ച 90 മീറ്റർ ഉയരമുള്ള വാട്ടർ ജെറ്റ് പത്തു കോടി രൂപ ചെലവിട്ടാണ് നിർമിച്ചത്. കശ്മീരിൽ ഇത്തരത്തിലുള്ള ആദ്യത്തേതും രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വാട്ടർ ജെറ്റുകളിൽ ഒന്നും കൂടിയാണിത്. ജമ്മു കശ്മീർ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നത്.

ദുബായിലെ പ്രശസ്തമായ വാണ്ടർ ഫൗണ്ടെയ്ന് 152 മീറ്ററാണ് ഉയരം. അതിനെ കടത്തിവെട്ടാനാണ് ജമ്മു കശ്മീർ ഭരണകൂടത്തിന്റെ നീക്കം. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ഫൗണ്ടെയ്ൻ സൗദി അറേബ്യയിലെ കിങ്ങ് ഫഹദ് ഫൗണ്ടെയ്ൻ ആണ്. സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഫൗണ്ടെയ്ൻ പരമാവധി 260 മീറ്റർ വരെ ഉയരത്തിൽ വെള്ളം എത്തിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫൌണ്ടെയ്ൻ എന്ന പേരിൽ ഗിന്നസ് ബുക്കിലും ഇത് ഇടംപിടിച്ചിട്ടുണ്ട്.

ജമ്മു കശ്മീർ സർക്കാർ ദാൽ തടാകത്തിന്റെ ഒരു ഭാ​ഗത്ത് ഒരു ഭീമൻ ഫെറിസ് വീലും ശ്രീനഗറിൽ ഒരു ലോകോത്തര അമ്യൂസ്‌മെന്റ് തീം പാർക്കും കൊണ്ടുവരാനും ആലോചിക്കുന്നുണ്ട് എന്നും മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

 
Verified by MonsterInsights