കേരള സ്റ്റാർട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ച് സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ച ത്വരിതഗതിയിൽ ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഹഡിൽ ഗ്ലോബൽ ടെക് സ്റ്റാർട്ടപ്പ് പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-ഫോൺ മുഖേനയായിരിക്കും ടൂറിസം വകുപ്പിനേയും സ്റ്റാർട്ടപ്പ് മിഷനേയും ബന്ധിപ്പിക്കുക. ഇതുവഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സ്റ്റാർട്ടപ്പ് മിഷൻ പ്രവർത്തനം എത്തിപ്പെടുകയും യുവജനങ്ങൾക്കും സംരംഭകർക്കും പ്രയോജനം ലഭിക്കുകയും ചെയ്യും. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നായ കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സ്റ്റാർട്ടപ്പ് മേഖലയിൽ മുമ്പെങ്ങുമില്ലാത്തവിധമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നൈപുണ്യ വികസനത്തിലും സംസ്ഥാന സർക്കാർ ശ്രദ്ധ പതിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷം മാത്രം ഒരു ലക്ഷത്തോളം സംരംഭങ്ങൾ സംസ്ഥാനത്ത് ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് പുതിയ എമർജിംഗ് ടെക്നോളജി സ്റ്റാർട്ടപ്പ് ഹബ് തുടങ്ങാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ ലോകത്തിന് തന്നെ മാതൃകയായ കേരളം വൈജ്ഞാനിക സമ്പദ്വ്യവസ്ഥ രംഗത്ത് കൂടി ആ നേട്ടം സൃഷ്ടിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. ആ രീതിയിലുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദ്വിദിന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയുടെ മുഖ്യ പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, ജിടെക് ചെയർമാൻ വി കെ മാത്യൂസ്, സിസ്കോ ലോഞ്ച്പാഡ് മേധാവി ശ്രുതി കണ്ണൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ യംഗ് ഇന്നൊവേഷൻ പ്രോഗ്രാമിന്റെ (വൈ. ഐ.പി) ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. ജൻ റോബോട്ടിക്സ് കമ്പനി സി.ഇ.ഒ വിമൽ ഗോവിന്ദ് മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു.