സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ബന്ധുക്കൾ, പ്രധാനമന്ത്രിയുടെയും ക്ഷണം.

ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. ആ നിമിഷം അവിശ്വസനീയമായിരുന്നുവെന്ന് സുനിതയുടെ സഹോദരഭാര്യ ഫാൽഗുനി പാണ്ഡ്യ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി. ഇന്ത്യ, സുനിതയുടെ പിതാവിന്റെ പൂർവ്വിക ഭൂമിയാണ്. ആ രാജ്യവുമായി അവർക്ക് അടുത്ത ബന്ധമുണ്ട്. എന്നാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തതയില്ല, ഉടൻ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെയുണ്ടാകുമെന്നും ഫാൽഗുനി പാണ്ഡ്യയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.


ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും സുനിത വില്യംസ് കുടുംബത്തോടൊപ്പം ധാരാളം സമയം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ അതോ ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ എന്ന ചോദ്യത്തിന്, അത് അവളുടെ ഇഷ്ടം ആയിരിക്കുമെന്നും ഫാൽഗുനി പാണ്ഡ്യ പ്രതികരിച്ചു.

59 കാരിയായ ബഹിരാകാശയാത്രികയായ സുനിത വില്യംസ് തനിക്ക് മുന്നിലുള്ള എല്ലാ സാഹചര്യങ്ങളെയും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നു. നമുക്കെല്ലാവർക്കും അവൾ ഒരു മാതൃകയാണ്. ഫാൽഗുനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. സുനിതയെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കത്തിൽ കുറിച്ചു. പ്രധാനമന്ത്രി മാർച്ച് ഒന്നിന് എഴുതിയ കത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് എക്സിൽ പങ്കുവെച്ചത്. യുഎസ് സന്ദർശന വേളയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ മുൻഗാമിയായ ജോ ബൈഡനെയും കണ്ടപ്പോൾ സുനിത വില്യംസിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായി മോദി കത്തിൽ പറയുന്നു.

1.4 ബില്യൺ ഇന്ത്യക്കാർ നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നു. സമീപകാല സംഭവവികാസങ്ങൾ നിങ്ങളുടെ പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും വീണ്ടും പ്രകടമാക്കിയിരിക്കുന്നു. അദ്ദേഹം കുറിച്ചു.

Verified by MonsterInsights