സ്വർണ വിലയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കപ്പെട്ട വർഷമാണ് 2024. സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന വാർത്തയാണെങ്കിലും സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് ഈ വിലക്കയറ്റം വലിയ നേട്ടമായി മാറി. 2024-ൽ 20.8 ശതമാനം റിട്ടേണാണ് സ്വർണം നിക്ഷേപകർക്ക് നല്‍കിയത്. സമീപകാല ചരിത്രത്തില്‍ സ്വർണ നിക്ഷേപത്തിലുണ്ടായ ഏറ്റവും വലിയ നേട്ടവും ഈ വർഷത്തേതാണ്.
വിവിധ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ വരാന്‍ പോകുന്ന വർഷത്തിലും സ്വർണ വിലയില്‍ മുന്നേറ്റമുണ്ടാകും. എന്നാല്‍ 2025 ലെ വിലക്കയറ്റം 2024 ലേത് പോലെ അത്ര ശക്തമായിരിക്കില്ലെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. 2025-ൽ സ്വർണ വില 15 മുതല്‍ 18 ശതമാനം വരെ വർധിച്ചേക്കുമെന്നാണ് ഡിസ്കൗണ്ട് ബ്രോക്കറായ സ്റ്റോക്സ്കാർട്ട് സിഇഒ പ്രണയ് അഗർവാളിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍റ്റേർഡ് റിപ്പോർട്ട് ചെയ്യുന്നത്.
സ്വർണ വിലയില്‍ വർധനവ് ഉണ്ടാകുമെങ്കിലും മഞ്ഞ ലോഹത്തേക്കാള്‍ വലിയ നേട്ടം നിക്ഷേപകർക്ക് നല്‍കുക വെള്ളിയിലെ നിക്ഷേപമായിരിക്കുമെന്നും പ്രണയ് അഗർവാള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭരണ നിർമ്മാണം എന്നതിന് അപ്പുറം ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ, ഗ്രീൻ എനർജി തുടങ്ങിയ വ്യവസായ മേഖലകളില്‍ നിന്നും വെള്ളിയുടെ ഡിമാന്‍ഡ് കുതിച്ചുയരുകയാണ്. ഇത് വെള്ളിയുടെ വിലയില്‍ വലിയ വർധനവിന് ഇടയാക്കും.
അടിസ്ഥാനപരവും സാങ്കേതികവുമായ വിശകലനത്തെ അടിസ്ഥാനത്തില്‍ നിക്ഷേപകർ അവരുടെ പോർട്ട്‌ഫോളിയോയുടെ 5-8 ശതമാനം മാത്രം സ്വർണ്ണത്തില്‍ നിക്ഷേപിച്ചാല്‍ മതിയാകുമെന്നാണ് പ്രണയ് അഗർവാള്‍ പറയുന്നത്. അതേസമയം നിക്ഷേപത്തിന്റെ 10-15 ശതമാനം വരെ വെള്ളിയായിരിക്കാം. അതായത് ചുരുക്കത്തില്‍ സ്വർണത്തേക്കാള്‍ കൂടുതല്‍ വെള്ളി വാങ്ങണം.
സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ വെല്ലുവിളികള്‍ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപം മാറ്റുന്നവരുടെ എണ്ണത്തില്‍ വർധവുണ്ടാകും. മറിച്ച് സാമ്പത്തിക പ്രതിസന്ധികള്‍ നീങ്ങുകയും പശ്ചിമേഷ്യ ഉള്‍പ്പെടേയുള്ള സംഘർഷ മേഖലകളില്‍ സമാധാനം പുലരുകയും ചെയ്താല്‍ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും വിലയില്‍ ഇടിവുണ്ടായേക്കാം.
2024 സ്വർണ വിലയെ പുതിയ ഉയരങ്ങളിലെത്തിച്ച വിവിധ ഘടകങ്ങള്‍ 2025 ല്‍ ലഘൂകരിക്കപ്പെടുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. റഷ്യ-ഉക്രെയ്ൻ, ഇസ്രായേൽ-ഹിസ്ബുള്ള തുടങ്ങിയ സംഘർഷ മേഖലകളിൽ വെടിനിർത്തലിനുള്ള നയതന്ത്ര ശ്രമങ്ങൾ ഉൾപ്പെടെയുള്ളവ സ്വർണ വിലയെ പിന്നോട്ട് അടുപ്പിച്ചേക്കും. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിപണി ഇടപെടലുകളും സുരക്ഷിത ആസ്തി എന്ന നിലയിലുള്ള സ്വർണ്ണത്തിൻ്റെ ആവശ്യകത ലഘൂകരിച്ചേക്കും.
സ്വർണത്തെ അപേക്ഷിച്ച് വിവിധ മേഖലകളില്‍ നിന്നും വെള്ളിയുടെ ഡിമാന്‍ഡ് വലിയ തോതില്‍ വർധിച്ച് വരികയാണ്. പരമ്പരാഗതമായ ആഭരണ നിർമ്മാണത്തിന് പുറമെ ആധുനിക സാങ്കേതിക വിദ്യകളുടെ അഭിവാജ്യ ഘടകമായി വെള്ളി മാറുന്നു. ഈ ഉയർന്ന ആവശ്യകത വരും കാലങ്ങളില്‍ വെള്ളിയുടെ വരും വർഷങ്ങളിൽ വെള്ളിയുടെ മൂല്യം വലിയ തോതില്‍ ഉയർത്തുകയും നിക്ഷേപകർക്ക് ലാഭം നല്‍കുകയും ചെയ്യും.