ടി20 ലോകകപ്പിന് പിന്നാലെ ഫുട്ബോൾ ലോകകപ്പ്; കായിക പ്രേമികൾ ആവേശത്തിൽ

ഓസ്ട്രേലിയയിൽ ടി20 ലോകകപ്പിൻെറ (T20 World Cup 2022) ഗ്രൂപ്പ് ഘട്ടം അവസാനിച്ചിരിക്കുകയാണ്. കായിക പ്രേമികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആവേശത്തിൻെറ സമയമാണ്. നവംബർ 13ന് ക്രിക്കറ്റ് ലോകകപ്പ് അവസാനിക്കും. എന്നാൽ നവംബർ 20ന് ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ ലോകകപ്പിന് (FIFA Football World Cup) തുടക്കമാവുകയാണ്. ക്രിക്കറ്റിനെയും ഫുട്ബോളിനെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ ഏറെ ആവേശത്തോടെയാണ് ഈ കായിക മാമാങ്കങ്ങളെ എതിരേൽക്കുന്നത്.

രണ്ട് ടൂർണമെൻറിലും കളിക്കുന്ന മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രമാണുള്ളത്. അത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും നെതർലൻഡ്സും മാത്രമാണ്. രണ്ട് കിരീടങ്ങളും രണ്ടാം തവണയും നേടിയെടുക്കുക എന്നതാണ് ഇംഗ്ലണ്ടിൻെറ ലക്ഷ്യം. 2010ൽ ഇംഗ്ലണ്ട് ടി20 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. 56 വർഷങ്ങൾക്ക് മുമ്പാണ് ഇംഗ്ലണ്ട് ഫുട്ബോൾ ലോകകപ്പ് നേടിയിട്ടുള്ളത്. പിന്നീട് ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ട് പോലും ഒരിക്കൽ പോലും ഫൈനലിൽ കടക്കാൻ വരെ അവർക്ക് സാധിച്ചിട്ടില്ല. അതിനാൽ തന്നെ അവർ ഇത്തവണ ഏറ്റവും മികച്ച പ്രകടനം നടത്താനായിരിക്കും ലക്ഷ്യമിടുന്നത്.

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ പ്രേമികൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. അത് ബ്രിട്ടൻെറ സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക സ്രോതസ്സാണ്. ഏണസ്റ്റ് & യംഗിൻെറ കണക്കനുസരിച്ച് 7.6 ബില്യൺ പൗണ്ടാണ് ഇപിഎൽ യുകെയുടെ മൊത്തം ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നത്. കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം ലീഗ് വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു.

യുഎസ്, ഇറാൻ, വെയിൽസ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇംഗ്ലണ്ട് ഉൾപ്പെടുന്നത്. അതിനാൽ തന്നെ ടീം രണ്ടാം റൌണ്ടിലെത്താൻ അധികം കഷ്ടപ്പെടേണ്ടി വരില്ല. ഹാരി കെയ്ൻ, ബുക്കയോ സാക്ക, ഹാരി മഗ്വേർ, ജാക്ക് ഗ്രെലിഷ്, റഹീം സ്റ്റെർലിംഗ്, മാർക്കസ് റാഷ്ഫോർഡ് എന്നിവരടങ്ങുന്ന ഇംഗ്ലീഷ് നിര ഇക്കുറി വലിയ മുന്നേറ്റം തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ യുഎസിനെതിരെ ഇംഗ്ലണ്ട് ശ്രദ്ധിച്ച് കളിക്കേണ്ടി വരും. മുൻ ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച ചരിത്രം യുഎസിനുണ്ട്.

ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ലോകകപ്പിൽ അത്ഭുതം സൃഷ്ടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷകളൊന്നും തന്നെയില്ല. നേരത്ത ഒരു തവണ മാത്രമാണ് അവർ പ്രീ ക്വാർട്ടറിൽ എത്തിയിട്ടുള്ളത്. എന്നാൽ ക്രിക്കറ്റിൽ അവർ കരുത്തരാണ്. കഴിഞ്ഞ ടി20 ലോകകപ്പ് സ്വന്തമാക്കിയ കംഗാരുക്കൾക്ക് പക്ഷേ ഇത്തവണ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ഒന്നാം റൌണ്ടിൽ തന്നെ പുറത്താവേണ്ടി വന്നു.

കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ ഫ്രാൻസ് ഇത്തവണയും കരുത്തരാണ്. ഡെൻമാർക്കും ടുണീഷ്യയും അടങ്ങുന്ന ഗ്രൂപ്പിലാണ് ഫ്രാൻസ് ഉള്ളത്. രണ്ടാം റൌണ്ടിൽ ലയണൽ മെസിയുടെ അർജൻറീനയും ഫ്രാൻസും തമ്മിലുള്ള പോരാട്ടത്തിന് സാധ്യതയുണ്ട്. മെസി മിക്കവാറും തൻെറ അവസാന ലോകകപ്പായിരിക്കും കളിക്കുന്നത്. വിജയത്തോടെ താരം ഖത്തറിൽ നിന്ന് മടങ്ങണമെന്ന് പ്രതീക്ഷിക്കുന്ന നിരവധി ഫുട്ബോൾ ആരാധകരുണ്ട്.

Verified by MonsterInsights