ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം: നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

യുവാക്കളില്‍ സാങ്കേതിക, സംരംഭകത്വ നൈപുണ്യം വര്‍ധിപ്പിക്കാനും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ വകുപ്പ് പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് നവംബര്‍ 14 മുതല്‍ 20 ദിവസത്തെ ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), മെഷീന്‍ ലേണിങ് (എം.എല്‍), ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആര്‍), വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി) എന്നീ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും ഉണ്ടാകും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ അംഗീകൃത പദ്ധതിയായ ജനറേറ്റ് യുവര്‍ ബിസിനസ്സ്, സ്റ്റാര്‍ട്ട് യുവര്‍ ബിസിനസ്സ് എന്നീ വിഷയങ്ങളില്‍ ഐ.എല്‍.ഒ. അംഗീകൃത ഫാക്കല്‍റ്റികളുടെ ക്ലാസ്സുകളും ലഭിക്കും.

ആകെ 25 സീറ്റുകളാണ് ഉള്ളത്. 50 ശതമാനം സീറ്റ് എസ്.സി/എസ്.ടി വനിത വിഭാഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്. അവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തെയും പരിഗണിക്കും. അപേക്ഷകര്‍ 45 വയസ്സിന് താഴെയുള്ളവരും ബിരുദ യോഗ്യതയുള്ളവരും ആയിരിക്കണം. കമ്പ്യൂട്ടര്‍ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. ജില്ലാ വ്യവസായ കേന്ദ്രം, ഐ.ഐ.ടി. പാലക്കാട് എന്നിവിടങ്ങളിലായാണ് സൗജന്യ പരിശീലനം നല്‍കുക. അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം സിവില്‍ സ്‌റ്റേഷന് പിന്‍വശം, പാലക്കാട് 678 001 എന്ന വിലാസത്തില്‍ നവംബര്‍ മൂന്നിനകം നേരിട്ടോ തപാല്‍ വഴിയോ നല്‍കണം. ഫോണ്‍: 9400356355.

 
Verified by MonsterInsights