തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് ഉൾപ്പെടെ 8 വണ്ടികളിൽ ജനറൽ കോച്ച് കുറയ്ക്കുന്നു; പകരം എ.സി. കോച്ച്

 

ചെന്നൈ:തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസും മംഗളൂരു-ലോക്മാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസും ഉൾപ്പെടെ എട്ടുതീവണ്ടികളിലെ ജനറൽ കോച്ചിന്റെ എണ്ണംകുറയ്ക്കാൻ നടപടിയുമായി ദക്ഷിണറെയിൽവേ. പകരം എ.സി. കോച്ച് വരും. യാത്രക്കാർക്ക് എ.സി. കോച്ചുകളോടാണ് താത്പര്യം കൂടുതലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് അധികൃതർ പറയുന്നത്.
 
 
തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ (16347/48) നിലവിൽ അഞ്ച് ജനറൽ കോച്ചുകളും രണ്ട് ജനറൽ-കം-ലഗേജ് കോച്ചുകളുമാണുള്ളത്. ഒരു ജനറൽ കോച്ച് കുറച്ച് എ.സി. കോച്ചുകളുടെ എണ്ണം നാലായി ഉയർത്താനാണ് തീരുമാനം. ജൂലായ് 25-ന് ഇത് പ്രാബല്യത്തിൽവരും. ഇതേ റേക്കുകൾ പങ്കുവെക്കുന്ന മംഗളൂരു-ലോക്മാന്യ തിലക് മത്സ്യഗന്ധ എക്സ്പ്രസിലും (12619/20) സമാന മാറ്റംവരും. അടിയന്തരയാത്രയ്ക്ക് ജനറൽകോച്ചുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഇതോടെ വലയുക.

23 കോച്ചുകളുള്ള ഈ വണ്ടികളിൽ 11 സ്ലീപ്പർ കോച്ചുകളും മൂന്ന് ത്രീടിയർ എ.സി. കോച്ചുകളും രണ്ട് ടു ടിയർ എ.സി. കോച്ചുകളും അഞ്ച് ജനറൽകോച്ചുകളും രണ്ട് ജനറൽ-കം-ലഗേജ് കോച്ചുകളുമാണുള്ളത്.


പഴയരീതിയിലുള്ള ഐ.ആർ.എസ്. കോച്ചുകൾ ഉപയോഗിക്കുന്ന എട്ടുവണ്ടികളിലാണ് ഇപ്പോൾ മാറ്റം നിർദേശിച്ചിരിക്കുന്നത്. പുതിയ എൽ.എച്ച്.ബി. കോച്ചുകൾ ഉപയോഗിക്കുന്ന ദീർഘദൂരതീവണ്ടികളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി. ത്രീടിയർ എ.സി. കോച്ചുകൾ കൂട്ടുന്നതിനുള്ള നടപടി നേരത്തേ തുടങ്ങിയിരുന്നു. ഭാവിയിൽ ദീർഘദൂരതീവണ്ടികളിലെ സ്ലീപ്പർ കോച്ചുകൾ രണ്ടെണ്ണംവരെയായി കുറയാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണറെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. ഘട്ടംഘട്ടമായാണ് മാറ്റം നടപ്പാക്കുക.

എ.സി. കോച്ചുകളിൽ യാത്രക്കാർ ഏറെ വർധിച്ചിട്ടുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്. എണ്ണത്തിൽ കുറവുള്ള എ.സി. കോച്ചുകളുടെ റിസർവേഷനാണ് ആദ്യം പൂർത്തിയാവുന്നത്. പുതിയ കോച്ചുകളുടെ നിർമാണത്തിലും എ.സി.ക്കാണ് മുൻഗണന. എൽ. എച്ച്.ബി. കോച്ചുകളുള്ള കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസിലും നേത്രാവതി എക്സ്പ്രസിലും നേരത്തേതന്നെ സ്ലീപ്പർ കോച്ച് കുറച്ച് എ.സി. കോച്ച് കൂട്ടിയിരുന്നു.

.

Verified by MonsterInsights