തൊഴിൽദാതാക്കളായ ഏഴ് കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു

കണക്ട് കരിയർ ടു ക്യാമ്പസ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവേദിയിൽ ഏഴ് തൊഴിൽദാതാക്കളുമായി കെ-ഡിസ്‌ക് ധാരണാപത്രം ഒപ്പിട്ടു. മോൺസ്റ്റർ ഡോട് കോം, കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രീസ്, ലിങ്ക്ഡ്ഇൻ, ബ്രിട്ടീഷ് കൗൺസിൽ, റ്റിസീക്, അവൈൻ, വേൾഡ് മലയാളി കൗൺസിൽ എന്നിവയുമായാണ്  ചടങ്ങിൽ ധാരണാപത്രം കൈമാറിയത്. knowledgemission.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ നൈപുണി പരിശീലനത്തിലും തൊഴിൽ ലഭ്യമാക്കാനും  ഈ കമ്പനികൾ സഹായിക്കും. ഉദാഹരണത്തിന് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള നൈപുണി സ്വായത്തമാക്കാനും അതുവഴി തൊഴിൽലഭ്യത വർധിപ്പിക്കാനും ബ്രിട്ടീഷ് കൗൺസില്ലുമായുള്ള ധാരണ പ്രയോജനപ്പെടും.

ചൊവ്വാഴ്ച നടന്ന വിവിധ സെഷനുകളിലായി കെ-ഡിസ്‌ക് മെംബർ സെക്രട്ടറി ഡോ. പി. വി. ഉണ്ണിക്കൃഷ്ണൻ, അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ്, ഐസിടി അക്കാദമി കേരള സിഇഒ സന്തോഷ് കുറുപ്പ് എന്നിവർ നോളജ് എക്കണോമി മിഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപ്പറ്റി വിശദീകരിച്ചു. ആഗോളതലത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി, അനുയോജ്യമായ തൊഴിലവസരങ്ങൾ കേരളത്തിലെ അഭ്യസ്തവിദ്യർക്ക് ലഭ്യമാക്കുകയാണ് നോളജ് എക്കണോമി മിഷന്റെ ലക്ഷ്യം. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളെ knowledgemission.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കും. ഇൻഡസ്ട്രി 4.0ൽ അവസരമൊരുങ്ങുന്ന തൊഴിൽ മേഖലകളെപ്പറ്റിയും നൈപുണ്യവർധനവിന്റെ ആവശ്യകതകളെപ്പറ്റിയും വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനൊപ്പം പഠനത്തോടൊപ്പവും അല്ലാതെയും അവരവരുടെ അഭിരുചിക്കും കഴിവിനും അനുസൃതമായ ആഗോളതലത്തിൽ ജോലി കണ്ടെത്താൻ പ്രാപ്തരാക്കുകകൂടിയാണ് ‘ശരിയായ സമയത്ത് ശരിയായ തൊഴിൽ (Right job @ Right Time)’ എന്ന ആശയത്തെ മുൻനിർത്തി നടത്തുന്ന പ്രചാരണപരിപാടിയുടെ ഉദ്ദേശം.

ഇന്റേൺഷിപ്പ് പോർട്ടലിന്റെയും കരിയർ സപ്പോർട്ട് എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന്റെയും ഉദ്ഘാടനവും അസാപ് കേരളയ്ക്ക് ലഭിച്ച എൻ.സി.വി.ഇ.ടിയുടെ ദേശീയതലത്തിലുള്ള ഇരട്ട അംഗീകാരത്തിന്റെ പ്രഖ്യാപനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

Verified by MonsterInsights