യുകെ യങ് പ്രൊഫഷണൽസ് വിസ: അപേക്ഷിക്കേണ്ടത് എങ്ങനെ? മാനദണ്ഡങ്ങൾ എന്തെല്ലാം?

യുകെ യങ് പ്രൊഫഷണൽസ് സ്കീമിലേക്ക് (UK Young Professionals Scheme) അപേക്ഷകൾ ക്ഷണിച്ചു. വിസയ്ക്കുള്ള ബാലറ്റുകൾ ഫെബ്രുവരി 28 ന് തുറക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് മറ്റു മാനദണ്ഡങ്ങൾ പാലിച്ച് ബാലറ്റിൽ പ്രവേശനം നേടാനാകും. അപേക്ഷകർ ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോ​ഗ്യത ഉള്ളവർ ആയിരിക്കണം. 2,530 പൗണ്ട് (ഏകദേശം 2.6 ലക്ഷം) രൂപ ബാങ്ക് അക്കൗണ്ടിൽ സേവിങ്സായി കാണിക്കണം. പ്രായപൂർത്തിയാകാത്തവർക്ക് ഈ വിസക്ക് അപേക്ഷിക്കാനാകില്ല.

യങ് പ്രൊഫഷണൽസ് സ്കീം ബാലറ്റ് എപ്പോഴാണ് തുറക്കുക?

ബാലറ്റുകൾ ഫെബ്രുവരി 28ന് തുറക്കും. മാർച്ച് രണ്ടിന് അവസാനിക്കും.

യങ് പ്രൊഫഷണൽസ് സ്കീം വിസക്ക് അപേക്ഷിക്കാനുള്ള ഫീസ് എത്രയാണ്?

യങ് പ്രൊഫഷണൽസ് സ്കീം വിസക്ക് അപേക്ഷിക്കാനുള്ള ഫീസ് ഫീസ് 259 പൗണ്ട് ആണ് (ഏകദേശം 26,000 രൂപ). ഹെൽത്ത് കെയർ ചാർജ് ആയി 940 പൗണ്ടും (94,000 രൂപ) നൽകണം. വ്യക്തിഗത സമ്പാദ്യമായി 2,530 പൗണ്ട് (ഏകദേശം 2.6 ലക്ഷം രൂപ അക്കൗണ്ടിൽ ഉണ്ടെന്നും അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്. വിസക്ക് അപേക്ഷിക്കുമ്പോൾ അക്കൗണ്ടിൽ പണം ഉണ്ടെന്നുള്ളതിന്റെ തെളിവ് കാണിക്കേണ്ടതുണ്ടെന്ന് യുകെ സർക്കാർ അറിയിച്ചു.

യങ് പ്രൊഫഷണൽസ് സ്കീമിനുള്ള ബാലറ്റിൽ എങ്ങനെ പ്രവേശിക്കാം?

സർക്കാർ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച്, ഉദ്യോഗാർത്ഥികൾക്ക് അവരെ സംബന്ധിക്കുന്ന വിവരങ്ങൾ ഓൺലൈനായി പൂരിപ്പിച്ച് ബാലറ്റിൽ രേഖപ്പെടുത്താം. ”എൻട്രികൾ പരിശോധിച്ച്, വിസക്ക് യോ​ഗ്യരായവരെ അതിൽ നിന്നും തിരഞ്ഞെടുക്കും. ബാലറ്റ് ക്ലോസ് ചെയ്ത് രണ്ട് ആഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് ഇതു സംബന്ധിച്ച് അപ്ഡേറ്റുകൾ ഇമെയിൽ വഴി അയയ്ക്കും. ബാലറ്റിൽ പ്രവേശനം നേടുന്ന പ്രക്രിയ സൗജന്യമാണ്. എന്നാൽ വിസക്കായി 259 പൗണ്ട് ഫീസ് നൽകാനാകുമെങ്കിൽ മാത്രമേ നിങ്ങൾ ബാലറ്റിൽ പ്രവേശനം നേടേണ്ടതുള്ളൂ”, എന്നും യുകെ സർക്കാർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിസയ്ക്ക് അപേക്ഷിക്കാനുള്ള ക്ഷണം ലഭിക്കും.

Verified by MonsterInsights